പ്രവാസി യുവാവിന്റെ കൊലപാതകം; പ്രതികള്‍ക്കായി ലുക്കൗട്ട് സര്‍ക്കുലര്‍ ഇറക്കും

പ്രവാസി യുവാവിന്റെ കൊലപാതകം; പ്രതികള്‍ക്കായി ലുക്കൗട്ട് സര്‍ക്കുലര്‍ ഇറക്കും
കാസര്‍ഗോഡ് പ്രവാസിയുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികള്‍ക്കായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കുമെന്ന് പൊലീസ്. ക്വട്ടേഷന്‍ സംഘത്തില്‍ ഉള്‍പ്പെട്ട പ്രതികള്‍ രാജ്യം വിട്ട് പോകാതിരിക്കാനാണ് നടപടി. ക്വട്ടേഷന്‍ സംഘത്തിലെ ഒരാളെ പോലും പിടികൂടാന്‍ കഴിഞ്ഞിട്ടില്ലാത്ത സാഹചര്യത്തിലാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുന്നത്.

വിമാനത്താവളങ്ങള്‍, സീപോര്‍ട്ടുകള്‍ എന്നിവ അടക്കമുള്ളവ വഴി കൂടുതല്‍ പ്രതികള്‍ രാജ്യം വിടുന്നത് തടയുകയാണ് പൊലീസിന്റെ ലക്ഷ്യം.കഴിഞ്ഞ ഞായറാഴ്ചയാണ് പ്രവാസിയായ അബൂബക്കര്‍ സിദ്ദീഖ് മരിച്ചത്. ഒരു സംഘം തട്ടിക്കൊണ്ടു പോയി മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. പൈവളിഗയിലെ ആളൊഴിഞ്ഞ വീട്ടില്‍ തലകീഴായി കെട്ടിതൂക്കി ക്രൂരമായി മര്‍ദ്ദിച്ചായിരുന്നു കൊലപാതകം. കേസില്‍ ഇതുവരെ അഞ്ചു പേരെ അറസ്റ്റ് ചെയ്തു. ക്വട്ടേഷന്‍ നല്‍കിയവരും പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചവരുമാണ് പിടിയിലായത്.

ക്വട്ടേഷന്‍ നല്‍കിയവരും ഏറ്റെടുത്തവരും പ്രതികളെ സഹായിച്ചവരും അടക്കം 15 പേരാണ് കേസിലെ പ്രതികളെന്നാണ് പൊലീസ് പറയുന്നത്. ക്വട്ടേഷന്‍ സംഘത്തെ ഇതുവരെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. ഇവര്‍ക്കായി അന്വേഷണം പുരോഗമിക്കുകയാണ്. മഹാരാഷ്ട്ര, കര്‍ണാടക, ഗോവ, തമിഴ്‌നാട് എന്നിവിടങ്ങളില്‍ അടക്കം തിരച്ചില്‍ നടത്തുകയാണെന്ന് പൊലീസ് പറഞ്ഞു.

Other News in this category



4malayalees Recommends