'ആരും തട്ടിക്കൊണ്ടു പോയിട്ടില്ല', ഒളിവിലാണെന്ന് ഇര്‍ഷാദിന്റെ വീഡിയോ സന്ദേശം; തട്ടിക്കൊണ്ട് പോകുന്നതിന് മുമ്പുള്ളതെന്ന് പൊലീസ്

'ആരും തട്ടിക്കൊണ്ടു പോയിട്ടില്ല', ഒളിവിലാണെന്ന് ഇര്‍ഷാദിന്റെ വീഡിയോ സന്ദേശം; തട്ടിക്കൊണ്ട് പോകുന്നതിന് മുമ്പുള്ളതെന്ന് പൊലീസ്
കോഴിക്കോട് പന്തിരിക്കരയില്‍ സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ട് പോയ ഇര്‍ഷാദിന്റെ വീഡിയോ സന്ദേശം പുറത്ത്. തന്നെ ആരും തട്ടിക്കൊണ്ട് പോയിട്ടില്ല. ഷമീറാണ് സ്വര്‍ണം തട്ടിയെടുത്തത്. താന്‍ ഒളിവിലാണെന്നും ഷമീറിനെ പേടിച്ചിട്ടാണ് മാറി നില്‍ക്കുന്നതെന്നുമാണ് വീഡിയോ സന്ദേശത്തില്‍ പറയുന്നത്.

സെല്‍ഫി വീഡിയോയിലൂടെയാണ് വിശദീകരണം. അതേസമയം വീഡിയോ ഇര്‍ഷാദിനെ തട്ടിക്കൊണ്ട് പോകുന്നതിന് മുമ്പുള്ളതാണ് എ്ന്നാണ് പൊലീസ് പറയുന്നത്. സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തിരുന്നു. കണ്ണൂര്‍ സ്വദേശി മര്‍ഷീദിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കേസിലെ മുഖ്യപ്രതിയായ സ്വാലിഹിന്റെ സംഘാംഗമാണ് മര്‍ഷിദ്.

അതേസമയം സംഭവത്തില്‍ അന്വേഷണം ക്വട്ടേഷന്‍ സംഘങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് നീക്കം. ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ചാണ് ഇര്‍ഷാദിനെ സ്വര്‍ണ്ണക്കടത്തു സംഘം തട്ടിക്കൊണ്ടു പോയതെന്ന് പൊലീസിന് വിവരം ലഭിച്ചു. ഇതേ തുടര്‍ന്നാണ് പുതിയ നീക്കം. വെള്ളിയാഴ്ചയാണ് പെരുവണ്ണാംമൂഴി സ്വദേശി ഇര്‍ഷാദിനെ സംഘം തട്ടിക്കൊണ്ടു പോയത്. പേരാമ്പ്ര എ. എസ് പി വിഷ്ണു പ്രദീപിനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ ചുമതല.

കഴിഞ്ഞ ദിവസം കസ്റ്റഡിയില്‍ എടുത്ത പത്തനംതിട്ട സ്വദേശിനിയില്‍ നിന്നും നിര്‍ണ്ണായക വിവരങ്ങള്‍ പൊലീസിന് ലഭിച്ചെന്നാണ് സൂചന. കോന്നി സ്വദേശിയായ യുവതിയുടെ വിദേശത്തുള്ള ഭര്‍ത്താവാണ് ഇര്‍ഷാദിനെ സ്വര്‍ണ്ണക്കടത്ത് സംഘത്തിന് പരിചയപ്പെടുത്തി കൊടുത്തതെന്നാണ് വിവരം.

ദുബായില്‍ നിന്ന് കഴിഞ്ഞ മേയിലാണ് ഇര്‍ഷാദ് നാട്ടിലെത്തിയത്. തുടര്‍ന്ന് കോഴിക്കോട് നഗരത്തില്‍ ജോലി ചെയ്യുകയായിരുന്നു. ഈ മാസം ആറിനാണ് അവസാനമായി വീട്ടില്‍ വിളിച്ചത്. അതേസമയം വിദേശത്തുള്ള സഹോദരന്റെ ഫോണിലേക്ക് വാട്‌സ്ആപ് വഴി ഭീഷണി സന്ദേശം എത്തിയിരുന്നു. ഇര്‍ഷാദിനെ കെട്ടിയിട്ട ഫോട്ടോയും സംഘം അയച്ചുകൊടുത്തു. ഇര്‍ഷാദിനെ കണ്ടെത്താന്‍ കഴിയാത്തതിനാല്‍ കുടുംബം ഇന്ന് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി സമര്‍പ്പിക്കും.

Other News in this category



4malayalees Recommends