നവജാത ശിശുവിനെ പാടത്ത് ജീവനോടെ കുഴിച്ചുമൂടി; കരച്ചില്‍ കേട്ടെത്തി രക്ഷിച്ച് കര്‍ഷകര്‍ ; പെണ്‍ കുഞ്ഞായതിനാല്‍ മാതാപിതാക്കള്‍ ഉപേക്ഷിച്ചതെന്ന് സൂചന

നവജാത ശിശുവിനെ പാടത്ത് ജീവനോടെ കുഴിച്ചുമൂടി; കരച്ചില്‍ കേട്ടെത്തി രക്ഷിച്ച് കര്‍ഷകര്‍ ; പെണ്‍ കുഞ്ഞായതിനാല്‍ മാതാപിതാക്കള്‍ ഉപേക്ഷിച്ചതെന്ന് സൂചന
ഗുജറാത്തിലെ സബര്‍കന്തയില്‍ പിഞ്ചുകുഞ്ഞിനെ ജീവനോടെ കുഴിച്ചുമൂടി. സബര്‍കന്തയിലെ ഖാംബോയി ഗ്രാമത്തിലാണ് ദാരുണ സംഭവം നടന്നത്. കൃഷിയിടത്തില്‍ പിഞ്ചുകുഞ്ഞിന്റെ കരച്ചില്‍ കേട്ട് നടത്തിയ പരിശോധനയിലാണ് നവജാത ശിശുവിനെ ചെറിയ കുഴിയില്‍ മൂടിയ നിലയില്‍ കണ്ടെത്തിയത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കൃഷിയിടത്തില്‍ പണിക്കായി എത്തിയ കര്‍ഷകരാണ് കുഞ്ഞിന്റെ കരച്ചില്‍ കേള്‍ക്കുന്നത്. ഉറക്കെയുള്ള കരച്ചില്‍ കേട്ടതോടെ കര്‍ഷകര്‍ പണിനിര്‍ത്തി ശബ്ദം എവിടെനിന്നാണ് കേട്ടതെന്ന് അന്വേഷിച്ചു. ഒരു കുഴിക്ക് പുറത്ത് പിഞ്ചുകുഞ്ഞിന്റെ കൈ കണ്ടെത്തുകയും ഉടനടി മണ്ണ് മാറ്റി കുഞ്ഞിനെ പുറത്തെടുക്കുകയുമായിരുന്നു. തുടര്‍ന്ന് കര്‍ഷകര്‍ ആംബുലന്‍സ് വിളിക്കുകയും കുഞ്ഞിനെ അടുത്തുള്ള ഹിമന്ത നഗര്‍ സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

ശ്വാസതടസം നേരിട്ട കുഞ്ഞിനെ ഐ സി യുവിലേക്ക് മാറ്റിയിട്ടുണ്ട്. ഹിതേന്ദ്ര സിന്‍ഹ എന്ന കര്‍ഷകനാണ് കുഞ്ഞിനെ കണ്ടെത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുഞ്ഞിന്റെ അച്ഛനമ്മമാരെ കണ്ടെത്താന്‍ പൊലീസ് ശ്രമം നടത്തുകയാണ്. പെണ്‍കുഞ്ഞായതിനാല്‍ മാതാപിതാക്കള്‍ ഉപേക്ഷിച്ചതാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്.

Other News in this category4malayalees Recommends