'കുപ്പിയിലുണ്ടായിരുന്നത് പെട്രോളല്ല, കുടിവെള്ളം'; കാറിന്റെ സ്റ്റിയറിങ്ങിന് അടിയില്‍ നിന്നാണ് തീ ഉയര്‍ന്നതെന്ന് റീഷയുടെ അച്ഛന്‍

'കുപ്പിയിലുണ്ടായിരുന്നത് പെട്രോളല്ല, കുടിവെള്ളം'; കാറിന്റെ സ്റ്റിയറിങ്ങിന് അടിയില്‍ നിന്നാണ് തീ ഉയര്‍ന്നതെന്ന് റീഷയുടെ അച്ഛന്‍
കണ്ണൂരില്‍ ഓടിക്കൊണ്ടിരിക്കെ കത്തിയ കാറില്‍ കുപ്പികളില്‍ സൂക്ഷിച്ചിരുന്നത് കുടിവെള്ളമെന്ന് മരിച്ച റീഷയുടെ അച്ഛന്‍. വ്യാഴാഴ്ച പ്രസവത്തിനായി ആശുപത്രിയിലേക്ക് പോകവെ കാറിന് തീപിടിച്ച് പൂര്‍ണ ഗര്‍ഭിണിയായ റീഷ (26), ഭര്‍ത്താവ് പ്രജിത്ത് (35) എന്നിവരായിരുന്നു മരിച്ചത്. കാറില്‍ പെട്രോള്‍ കുപ്പിയിലാക്കി സൂക്ഷിച്ചതാണ് തീ ആളിപ്പടരാന്‍ കാരണമായതെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി റീഷയുടെ അച്ഛന്‍ രംഗത്തെത്തിയത്.

ഇത്തരം വാര്‍ത്തകല്‍ വേദനാജനകമാണെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു. മകള്‍ പ്രസവത്തിനായി ആശുപത്രിയിലേക്ക് പോകുന്നത് കൊണ്ട് രണ്ട് കുപ്പിയില്‍ വെള്ളം എടുത്തിരുന്നുവെന്ന് റീഷയുടെ അച്ഛന്‍ വിശ്വനാഥന്‍ പറഞ്ഞു. 'ആവശ്യമായ വസ്ത്രങ്ങളും കരുതിയിരുന്നു. വേറെയൊന്നും കാറില്‍ ഉണ്ടായിരുന്നില്ല. വഴിയില്‍ എത്ര പെട്രോള്‍ പമ്പുകളുണ്ട്. വീടിനടുത്തും ഉണ്ട്. പിന്നെ എന്തിനാണ് പെട്രോള്‍ കുപ്പിയില്‍ നിറച്ച് വെക്കുന്നത്', വിശ്വനാഥന്‍ ചോദിച്ചു.

കാറില്‍ എന്തോ കരിഞ്ഞ മണമുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പെട്ടെന്ന് കാറിന്റെ സ്റ്റിയറിങ്ങിന്റെ അടിയില്‍ നിന്ന് തീ ഉയരുകയായിരുന്നു. ഉടന്‍ കാറ് നിര്‍ത്തി പ്രജിത്ത് എല്ലാവരോടും ഇറങ്ങാന്‍ പറഞ്ഞു. പിന്‍സീറ്റിലിരുന്ന തങ്ങള്‍ ഇറങ്ങുമ്പോഴേക്കും തീ ആളിക്കത്തി. മുന്നിലിരുന്നവര്‍ക്ക് ഇറങ്ങാന്‍ സാധിച്ചില്ലെന്നും, എത്ര ശ്രമിച്ചിട്ടും വാതില്‍ തുറന്നുകൊടുക്കാന്‍ തങ്ങള്‍ക്ക് സാധിച്ചില്ലെന്നും വിശ്വനാഥന്‍ പറഞ്ഞു.

കാറില്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ഭാഗികമായി കത്തിയ കുപ്പിയില്‍ എന്തോ ദ്രാവകത്തിന്റെ അവശിഷ്ടങ്ങള്‍ ഫൊറന്‍സിക് സംഘം കണ്ടെത്തിയിരുന്നു. എന്നാല്‍ ഇത് പെട്രോള്‍ ആണെന്ന് വന്ന വാര്‍ത്തകള്‍ ശരിയല്ലെന്ന് ഫൊറന്‍സിക് സംഘം പ്രതികരിച്ചു. പ്രജിത്തിന്റെയും റീഷയുടെയും മരണകാരണം ശരീരത്തിനേറ്റ പൊള്ളലാണെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.

Other News in this category4malayalees Recommends