മനപ്പൂര്‍വം ജവാന്മാരെ മരണത്തിനെറിഞ്ഞുകൊടുത്തു; ബിജെപി സര്‍ക്കാര്‍ രാജ്യത്തോട് മറുപടി പറയണം; ആഞ്ഞടിച്ച് ഏളമരം കരീം

മനപ്പൂര്‍വം ജവാന്മാരെ മരണത്തിനെറിഞ്ഞുകൊടുത്തു; ബിജെപി സര്‍ക്കാര്‍ രാജ്യത്തോട് മറുപടി പറയണം; ആഞ്ഞടിച്ച് ഏളമരം കരീം
പുല്‍വാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ജമ്മു കശ്മീര്‍ മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക് നടത്തിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ നാല്പത് സിആര്‍പിഎഫ് ജവാന്മാരുടെ ജീവന് കേന്ദ്ര സര്‍ക്കാര്‍ മറുപടി പറയണമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം എംപി. പുറത്തുവന്ന വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതാണ്. പുല്‍വാമ ആക്രമണസമയത്തെ സാഹചര്യം കേന്ദ്രം കൈകാര്യം ചെയ്ത രീതിയെക്കുറിച്ച് തനിക്ക് ഉണ്ടായിരുന്ന ആശങ്കകള്‍ സൂചിപ്പിച്ചപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നോട് നിശബ്ദനായിരിക്കാന്‍ ആവശ്യപ്പെട്ടുവെന്നാണ് സത്യപാല്‍ മാലിക് വെളിപ്പെടുത്തിയിരിക്കുന്നത്.

സൈന്യത്തിന്റെ സുരക്ഷിത യാത്രയ്ക്ക് ആവശ്യമായ സാഹചര്യം ഉണ്ടാക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരും ആഭ്യന്തര മന്ത്രാലയവും കാണിച്ച അലംഭാവവും കുറ്റകരമായ അനാസ്ഥയുമാണ് നിരവധി ജവാന്മാരുടെ ജീവനെടുത്ത പുല്‍വാമ ഭീകരാക്രമണത്തിന് കാരണം. സിആര്‍പിഎഫ് ആവശ്യപ്പെട്ടതനുസരിച്ച് മോദി സര്‍ക്കാര്‍ സൈനികരെ വിമാനത്തില്‍ എത്തിച്ചിരുന്നുവെങ്കില്‍ നാല്പതോളം ജവാന്മാരുടെ ജീവന്‍ നഷ്ടപ്പെടില്ലായിരുന്നു. സിആര്‍പിഎഫ് അഞ്ച് വിമാനങ്ങള്‍ ആവശ്യപ്പെട്ടെങ്കിലും അവ നല്‍കാന്‍ ആഭ്യന്തര മന്ത്രാലയം തയ്യാറായില്ല. മനപ്പൂര്‍വം നമ്മുടെ ജവാന്മാരെ മരണത്തിനെറിഞ്ഞുകൊടുത്ത ബിജെപി സര്‍ക്കാര്‍ രാജ്യത്തോട് മറുപടി പറയണം.

അതിഗുരുതരമായ സുരക്ഷാ വീഴ്ച്ചയാണ് പുല്‍വാമ ആക്രമണം നടക്കാന്‍ കാരണമായത്. ഇന്റലിജന്‍സ് ഏജന്‍സികള്‍ പൂര്‍ണ്ണമായും പരാജയപ്പെട്ടുവെന്നും സൈനിക കോണ്‍വോയ് റോഡ് മാര്‍ഗം യാത്രചെയ്യുമ്പോള്‍ പാലിക്കേണ്ട സുരക്ഷാ മുന്‍കരുതലുകള്‍ ഒന്നും തന്നെ പാലിച്ചില്ല എന്നുമുള്ള ഗുരുതര വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത് പുല്‍വാമ ഭീകരാക്രമണ സമയത്ത് സംസ്ഥാന ഗവര്‍ണറായിരുന്ന വ്യക്തിതന്നെയാണ് എന്നുള്ളത് വിഷയത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. രാജ്യരക്ഷയെപ്പോലും തെരഞ്ഞെടുപ്പ് വിജയിക്കാനുള്ള ഉപകരണം മാത്രമായി ഉപയോഗിക്കുന്ന ബിജെപിയും കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധികളും രാജ്യം മുഴുവന്‍ ചര്‍ച്ചയായ വെളിപ്പെടുത്തലിനോട് പ്രതികരിക്കാന്‍ ഇതുവരെ തയ്യാറായിട്ടില്ല. ഈ വിഷയത്തില്‍ പ്രധാനമന്ത്രി തന്നെ നേരിട്ട് മറുപടി പറയേണ്ടതാണെന്ന ആവശ്യം ഉയരുന്നുണ്ട്.




Other News in this category



4malayalees Recommends