ചെങ്കോല്‍ സ്ഥാപിച്ച് പുതിയ പാര്‍ലമെന്റിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് പ്രധാനമന്ത്രി. ഫലകം അനാച്ഛാദനം ചെയ്ത ശേഷം പാര്‍ലമെന്റ് നിര്‍മാണത്തില്‍ പങ്കെടുത്ത 40,000 തൊഴിലാളികളെ പ്രധാനമന്ത്രി ആദരിച്ചു. തൊഴിലാളികളുടെ പ്രതിനിധികളായ കുറച്ചു പേരെ ചടങ്ങില്‍ വച്ച് പ്രധാനമന്ത്രി ഷാള്‍ അണിയിച്ചാണ് ആദരിച്ചത്.
രാവിലെ പൂജ പൂര്‍ത്തിയതിന് പിന്നാലെയാണ്, ലോക്‌സഭാസ്പീക്കറുടെ ഇരിപ്പിടത്തിന് സമീപം ചെങ്കോല്‍ സ്ഥാപിച്ചത്. സ്പീക്കര്‍ ഓം ബിര്‍ലയും പ്രധാനമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. ഉദ്ഘാടനത്തിന്റെ മറ്റ് പ്രധാന ചടങ്ങുകള്‍ ഉച്ചയ്ക്ക് പന്ത്രണ്ടിന് ആരംഭിക്കും.
സാമൂഹികരാഷ്ട്രീയ രംഗത്തെ പ്രമുഖരെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. എന്‍ഡിഎ സഖ്യകക്ഷികളടക്കം 25 പാര്‍ട്ടികള്‍ ചടങ്ങില്‍ പങ്കെടുക്കും. ഒരു മണിക്ക് 75 രൂപ നാണയവും സ്റ്റാംപും പ്രധാനമന്ത്രി പ്രകാശനം ചെയ്യും. തുടര്‍ന്ന് പ്രധാനമന്ത്രിയുടെ പ്രസംഗം.
മന്ദിരം രാഷ്ട്രപതി ഉദ്ഘാടനം ചെയ്യാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസുള്‍പ്പെടെ പ്രധാനപ്പെട്ട 21 പ്രതിപക്ഷപാര്‍ട്ടികള്‍ ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
സമരം ചെയ്യുന്ന ഗുസ്തിതാരങ്ങള്‍ക്കൊപ്പം കര്‍ഷക സംഘടനകള്‍ മാര്‍ച്ച് നടത്തുമെന്നു പ്രഖ്യാപിച്ചതിനാല്‍ കനത്ത സുരക്ഷയാണ് നഗരത്തില്‍ ഒരുക്കിയിരിക്കുന്നത്. ന്യൂഡല്‍ഹി മേഖലയില്‍ സ്വകാര്യ വാഹനങ്ങള്‍ക്ക് 3 മണി വരെ നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്