കാമുകിയെ കാണാനില്ലെന്ന് പരാതി നല്കിയ പൂജാരിയെ കൊലപാതകക്കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തു. തെലങ്കാന സ്വദേശിയായ വെങ്കിടസൂര്യ സായ് കൃഷ്ണയെയാണ് കാമുകിയെ കൊലപ്പെടുത്തിയ കേസില്‍ ആര്‍ജിഐ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ നല്കിയ കേസിന്മേല് അന്വേഷണം നടത്തിയ പൊലീസ്, വിവാഹിതനായ പ്രതി കാമുകിയെ ഒഴിവാക്കാനായി കൊലപ്പെടുത്തിയതായി കണ്ടെത്തുകയായിരുന്നു.
വിവാഹിതനായ സായ് കൃഷ്ണ കാമുകിയായ അപ്സരയെ കൊന്ന് മാന്‍ഹോളില്‍ തള്ളിയതായാണ് പൊലീസ് കണ്ടെത്തല്‍. പൂജാരിയും ബില്‍ഡറുമായ സായ് കൃഷ്ണ അപ്സരയുമായി വിവാഹേതരബന്ധം പുലര്‍ത്തിയിരുന്നു. ഭാര്യയെ ഉപേക്ഷിച്ച് തന്നെ വിവാഹം കഴിക്കണമെന്ന് അപ്സര ആവശ്യപ്പെട്ടതോടെയാണ് എങ്ങനെയെങ്കിലും കാമുകിയെ ഒഴിവാക്കണമെന്ന് സായ് കൃഷ്ണ തീരുമാനിക്കുകയായിരുന്നു.
തുടര്‍ന്ന്, മുന്‍കൂട്ടി നിശ്ചയിച്ചതനുസരിച്ച് അപ്സരയെ ഷംഷാബാദ് പ്രദേശത്തെത്തിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇതിന് പിന്നാലെ, മൃതദേഹം സരൂര്‍നഗറിലെ മാന്‍ഹോളില്‍ ഉപേക്ഷിക്കുകയും ചെയ്തു. കൃത്യത്തിന് ശേഷം ആര് ജി ഐ പൊലീസ് സ്റ്റേഷനിലെത്തി അപ്സരയെ കാണാനില്ലെന്ന് സായ് കൃഷ്ണ പരാതി നല്കി.