മുസ്ലീങ്ങള്‍ക്ക് മാത്രമാണോ കൂടുതല്‍ കുട്ടികളുള്ളത്? എനിക്ക് അഞ്ച് കുട്ടികളുണ്ട്'; മല്ലികാര്‍ജുന്‍ ഖാര്‍ഗെ

മുസ്ലീങ്ങള്‍ക്ക് മാത്രമാണോ കൂടുതല്‍ കുട്ടികളുള്ളത്? എനിക്ക് അഞ്ച് കുട്ടികളുണ്ട്'; മല്ലികാര്‍ജുന്‍ ഖാര്‍ഗെ
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ഇന്‍ഡ്യാ സഖ്യം ഭൂരിപക്ഷത്തിലേക്ക് നീങ്ങുകയാണെന്ന് മനസിലാക്കിയ പ്രധാനമന്ത്രി നിരാശനാണെന്നും അതിനാലാണ് മുസ്‌ലിങ്ങളെക്കുറിച്ച് മാത്രം സംസാരിക്കുന്നതെന്നും ഖാര്‍ഗെ ആരോപിച്ചു. ഛത്തീസ്ഗഡിലെ ജഞ്ച്ഗിര്‍ ചമ്പ ജില്ലയില്‍ നടന്ന റാലിയിലായിരുന്നു ഖാര്‍ഗെയുടെ വിമര്‍ശനം.

'ഞങ്ങള്‍ ഭൂരിപക്ഷത്തിലേക്ക് നീങ്ങുകയാണ്, അതുകൊണ്ടാണ് മോദി മംഗല്യസൂത്രത്തെക്കുറിച്ചും മുസ്ലീങ്ങളെക്കുറിച്ചും സംസാരിക്കുന്നത്. നിങ്ങളുടെ സമ്പത്ത് ഞങ്ങള്‍ മോഷ്ടിച്ച് കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് നല്‍കുമെന്ന് അദ്ദേഹം പറയുന്നു. പാവപ്പെട്ട ആളുകള്‍ക്ക് അവരുടെ സാമ്പത്തിക ചുറ്റുപാട് മോശമായതിനാല്‍ കൂടുതല്‍ കുട്ടികളുണ്ടാകും. മുസ്ലീങ്ങള്‍ക്ക് മാത്രമല്ല' ഖാര്‍ഗെ പറഞ്ഞു. താന്‍ അഞ്ചുകുട്ടികളുടെ പിതാവാണെന്നും എന്നാല്‍ തന്റെ മാതാപിതാക്കളുടെ ഏക മകനാണ് താനെന്നും ഖാര്‍ഗെ കൂട്ടിച്ചേര്‍ത്തു.

തന്റെ അമ്മയും സഹോദരിയും അമ്മാവനും വീടിന് തീപിടിച്ചപ്പോള്‍ മരിച്ചുവെന്നും ഖാര്‍ഗെ വിശദീകരിച്ചു. താനും അച്ഛനും മാത്രമാണ് അവശേഷിച്ചത്. 'എനിക്ക് നീ മാത്രമേയുള്ളുവെന്നും നിന്റെ മക്കളെ കാണണമെന്നും' എന്റെ പിതാവ് എന്നോട് പറഞ്ഞു. 'ദരിദ്രര്‍ക്ക് സമ്പത്തില്ലാത്തതിനാല്‍ കൂടുതല്‍ കുട്ടികളുണ്ട്. എന്നാല്‍ നിങ്ങള്‍ (മോദി) മുസ്ലീങ്ങളെക്കുറിച്ച് മാത്രം സംസാരിക്കുന്നത് എന്തുകൊണ്ട്? മുസ്‌ലിംങ്ങള്‍ ഈ രാജ്യത്തിന്റേതാണ്. നമുക്ക് എല്ലാവരേയും ഒരുമിച്ച് കൊണ്ടുപോയി രാജ്യം കെട്ടിപ്പടുക്കണം, അവരെപ്പോലെ (ബിജെപി) അത് തകര്‍ത്തല്ല' ഖാര്‍ഗെ കൂട്ടിച്ചേര്‍ത്തു.

രാജസ്ഥാനിലെ ബന്‍സ്‌വാരയില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയിലായിരുന്നു മോദിയുടെ വിവാദ വിദ്വേഷ പരാമര്‍ശം. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാജ്യത്തിന്റെ സമ്പത്ത് നുഴഞ്ഞുകയറ്റക്കാര്‍ക്കും കൂടുതല്‍ കുട്ടികളുള്ളവര്‍ക്കും നല്‍കുമെന്നായിരുന്നു മോദിയുടെ പ്രസ്താവന. രാജ്യത്തെ സമ്പത്തിന്റെ ആദ്യാവകാശികള്‍ മുസ്‌ലീങ്ങളാണെന്നാണ് മന്‍മോഹന്‍ സിങ് മുന്‍പ് വ്യക്തമാക്കിയിട്ടുള്ളതെന്നു ആരോപിച്ചായിരുന്നു ഇത്തരമൊരു പരാമര്‍ശം.

'രാജ്യത്തെ ശമ്പളക്കാരുടേതടക്കം സ്വത്തിന്റെ കണക്കെടുക്കുകയാണ് കോണ്‍ഗ്രസ്. അത് വീതിച്ചു നല്‍കുമെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. ആര്‍ക്കായിരിക്കും അതു നല്‍കുക? രാജ്യത്തെ വികസനത്തിന്റെ ആദ്യ നേട്ടം ന്യൂനപക്ഷങ്ങള്‍ക്ക്, പ്രത്യേകിച്ച് മുസ്‌ലീങ്ങള്‍ക്ക് ലഭിക്കണമെന്നാണ് പ്രധാനമന്ത്രിയായിരിക്കെ മന്‍മോഹന്‍ സിങ് പറഞ്ഞത്. അതുപ്രകാരം സ്വത്ത് നുഴഞ്ഞുകയറ്റക്കാര്‍ക്കും കൂടുതല്‍ കുട്ടികള്‍ ഉള്ളവര്‍ക്കും വീതിച്ചു നല്‍കും. നമ്മുടെ അമ്മമാരുടെയും നല്‍കുമെന്നും മോദി പറഞ്ഞു. അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും സ്ത്രീധനമായി ലഭിച്ച സ്വര്‍ണവും താലിയും വരെ നഷ്ടമാകും'എന്നാണ് മോദി പറഞ്ഞത്.

Other News in this category



4malayalees Recommends