യുപിയില്‍ യാത്രികര്‍ക്ക് നമസ്‌കരിക്കാന്‍ ബസ് നിര്‍ത്തികൊടുത്ത കണ്ടക്ടര്‍ ആത്മഹത്യ ചെയ്തു; ഭര്‍ത്താവ് മനുഷ്യത്വത്തിന്റെ വിലയായി സ്വന്തം ജീവന്‍ നല്‍കിയെന്ന് ഭാര്യ

യുപിയില്‍ യാത്രികര്‍ക്ക് നമസ്‌കരിക്കാന്‍ ബസ് നിര്‍ത്തികൊടുത്ത കണ്ടക്ടര്‍ ആത്മഹത്യ ചെയ്തു; ഭര്‍ത്താവ് മനുഷ്യത്വത്തിന്റെ വിലയായി സ്വന്തം ജീവന്‍ നല്‍കിയെന്ന് ഭാര്യ
ഉത്തര്‍പ്രദേശില്‍ രണ്ട് യാത്രക്കാര്‍ക്ക് നമസ്‌കരിക്കാന്‍ ബസ് രണ്ട് മിനിറ്റ് നിര്‍ത്തികൊടുത്ത സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് ബസ് കണ്ടക്ടറെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. സംഭവത്തിന് പിന്നാലെ ഇദ്ദേഹത്തെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു. സാമ്പത്തിക പ്രതിസന്ധി കാരണമാണ് ആത്മഹത്യ ചെയ്തതെന്നും മനുഷ്യത്വത്തിന് പകരം ജീവന്‍ നല്‍കേണ്ടി വന്നെന്നും കുടുംബം പറഞ്ഞു. കണ്ടക്ടറായിരുന്ന മോഹിത് യാദവാണ് ട്രെയിനിന് മുന്നില്‍ച്ചാടി ആത്മഹത്യ ചെയ്തത്.

ജൂണിലായിരുന്നു വിവാദ സംഭവം. ബറേലിദില്ലി ജനരഥ് ബസ് ഹൈവേയിലാണ് ഇദ്ദേഹം രണ്ട് യാത്രക്കാര്‍ക്ക് നമസ്‌കരിക്കാനായി രണ്ട് മിനിറ്റ് നിര്‍ത്തിയത്. സംഭവത്തിന്റെ വീഡിയോ പ്രചരിക്കുകയും വിവാദമാകുകയും ചെയ്തതിന് പിന്നാലെ കരാര്‍ തൊഴിലാളിയായിരുന്നു ഇദ്ദേഹത്തെ പിരിച്ചുവിട്ടു. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് ഇദ്ദേഹം തിങ്കളാഴ്ച മെയിന്‍പുരിയില്‍ ട്രെയിനിന് മുന്നില്‍ ചാടിയതെന്ന് പൊലീസ് പറഞ്ഞു. മോഹിത് യാദവ് മൂത്തയാളായിരുന്നു. എട്ട് പേരടങ്ങുന്ന കുടുംബത്തിന്റെ താങ്ങായിരുന്നു മോഹിത്. 17,000 രൂപയായിരുന്നു ശമ്പളം ലഭിച്ചിരുന്നത്. യുപിആര്‍ടിസി പിരിച്ചുവിട്ടശേഷം പലയിടത്തും അപേക്ഷിച്ചെങ്കിലും ജോലി ലഭിച്ചില്ല.

ഉത്തര്‍പ്രദേശ് ഗതാഗത വകുപ്പ് തന്റെ ഭര്‍ത്താവിന്റെ അപേക്ഷകള്‍ക്ക് ചെവികൊടുത്തില്ലെന്ന് മോഹിത് യാദവിന്റെ ഭാര്യ റിങ്കി യാദവ് ആരോപിച്ചു. ഭര്‍ത്താവ് ബറേലിയിലെ റീജിയണല്‍ മാനേജരെ വിളിക്കാറുണ്ടായിരുന്നു. പക്ഷേ അദ്ദേഹത്തിന്റെ വാദത്തിന് അധികൃതര്‍ ചെവി കൊടുത്തില്ല. തന്റെ ഭാഗം പോലും കേള്‍ക്കാതെ കരാര്‍ അവസാനിപ്പിച്ചു. ജോലി നഷ്ടപ്പെട്ടതില്‍ അദ്ദേഹം വിഷാദനായിരുന്നു. എന്റെ ഭര്‍ത്താവ് മനുഷ്യത്വത്തിന്റെ വിലയായി സ്വന്തം ജീവന്‍ നല്‍കിയെന്നും അവര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

Other News in this category4malayalees Recommends