അനന്തുവിന്റെ മരണം വിദേശത്തായിരുന്ന അച്ഛന്‍ അറിഞ്ഞത് വാര്‍ത്തയിലൂടെ ; ലോറിയില്‍ നിന്നും കരിങ്കല്ല് തെറിച്ചുവീണ് മരിച്ച അനന്തുവിന്റെ സംസ്‌കാരം ഇന്ന്

അനന്തുവിന്റെ മരണം വിദേശത്തായിരുന്ന അച്ഛന്‍ അറിഞ്ഞത് വാര്‍ത്തയിലൂടെ ;  ലോറിയില്‍ നിന്നും കരിങ്കല്ല് തെറിച്ചുവീണ് മരിച്ച അനന്തുവിന്റെ സംസ്‌കാരം ഇന്ന്
വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിന് കരിങ്കല്ലുമായി പോയ ലോറിയില്‍ നിന്നും കരിങ്കല്ല് തെറിച്ചുവീണ് ബിഡിഎസ് വിദ്യാര്‍ത്ഥിയായ മുക്കോല സ്വദേശി അനന്തു മരിച്ച സംഭവത്തില്‍ നാട്ടുകാര്‍ പ്രതിഷേധത്തില്‍. പ്രദേശത്ത് നിരന്തരമായി ഇത്തരത്തിലുള്ള അപകടങ്ങള്‍ നടക്കുന്നതായി നാട്ടുകാര്‍ പറയുന്നു. അതേസമയം, അനന്തുവിന്റെ സംസ്‌കാര ചടങ്ങുകള്‍ ഇന്ന് നടക്കും. ഇന്നലെയാണ് ശരീരത്തില്‍ കല്ലുവീണ് അനന്തു മരിക്കുന്നത്. രാവിലെ കോളേജിലേക്ക് പോയ മകന്റെ മരണ വാര്‍ത്തയാണ് മാതാപിതാക്കള്‍ അറിയുന്നത്. അനന്തുവിന്റെ മരണം വിദേശത്തായിരുന്ന അച്ഛന്‍ അറിഞ്ഞത് വാര്‍ത്തയിലൂടെയുമാണ്.

അനന്തുവിന് ശസ്ത്രക്രിയയ്ക്ക് മുമ്പ് മൂന്നു തവണ ഹൃദയാഘാതം ഉണ്ടായെന്ന് അനന്തുവിന്റെ അച്ഛന്റെ സഹോദരന്‍ പറഞ്ഞു. ആദ്യത്തെ ശസത്രക്രിയക്ക് കൊണ്ടുപോയപ്പോള്‍ തന്നെ ശസ്ത്രക്രിയ ചെയ്യാന്‍ പറ്റാത്ത അവസ്ഥയായിരുന്നു. ശരീരത്തിന്റെ ഉള്ളിലുള്ളതെല്ലാം തകര്‍ന്നുപോയിരുന്നു. കല്ല് വീണ് ആന്തരികാവയവങ്ങളെല്ലാം തകര്‍ന്നുപോയിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതായും അച്ഛന്റെ സഹോദരന്‍ പറയുന്നു. ആറുമാസം കഴിഞ്ഞാല്‍ വീടിന് മുന്നില്‍ ഡോക്ടറുടെ ബോര്‍ഡ് വെക്കുമായിരുന്നുവെന്നും കുടുംബം അതിനായി കാത്തിരിക്കുകയായിരുന്നുവെന്നും അച്ഛന്റെ സഹോദരന്‍ പറഞ്ഞു.

അതേസമയം, സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു.

നിംസ് കോളേജിലെ നാലാം വര്‍ഷ ബിഡിഎസ് വിദ്യാര്‍ത്ഥിയായിരുന്നു അനന്തു. ഇന്നലെ രാവിലെയാണ് മുക്കോലയില്‍ വെച്ച് അപകടം ഉണ്ടായത്. അനന്തുവിന്റെ വീടിന് അടുത്തുവെച്ചായിരുന്നു അപകടം. തുറമുഖ നിര്‍മ്മാണത്തിനായി കല്ലുകള്‍ കൊണ്ടുപോയ ടിപ്പര്‍ ലോറി റോഡിലെ കുഴിയിലേക്കിറങ്ങിയപ്പോള്‍ കല്ല് പുറത്തേക്ക് തെറിക്കുകയായിരുന്നു. അനന്തുവിന്റെ വാഹനത്തിനു പുറത്തേക്കായിരുന്നു കല്ല് വീണത്. ടിപ്പര്‍ അമിത വേഗത്തിലാണ് വന്നതെന്ന് നാട്ടുകാര്‍ പറയുന്നു. സംഭവത്തില്‍ പ്രതിഷേധം ശക്തമാണ്.

Other News in this category



4malayalees Recommends