യുഎഇ സന്ദര്‍ശിക്കുന്ന ഇന്ത്യക്കാര്‍ക്കും യുഎഇയിലെ പ്രവാസി ഇന്ത്യക്കാര്‍ക്കും ഇനി മുതല്‍ ഫോണ്‍ പേയിലൂടെ ഇടപാടുകള്‍ നടത്താം. ഫോണ്‍പേ ആപ്ലിക്കേഷനിലൂടെ യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ് (യുപിഐ) ഇടപാടുകള്‍ പ്രാബല്യത്തില്‍ വന്നതായി പ്രമുഖ ഇന്ത്യന്‍ ഫിന്‍ടെക് ആപ്ലിക്കേഷനായ ഫോണ്‍പേ പ്രഖ്യാപിച്ചു.
യുപിഐ ഇടപാടുകള്‍ സുഗമമാക്കുന്നുവെന്നതിന് പുറമേ ഇടപാടുകള്‍ ഇന്ത്യന്‍ കറന്‍സിയിലായിരിക്കും നടക്കുകയെന്ന പ്രത്യേകതയുമുണ്ട്. കറന്‍സി വിനിമയ നിരക്ക് കാണിക്കുമ്പോള്‍ അക്കൗണ്ട് ഡെബിറ്റ് ഇന്ത്യന്‍ രൂപയില്‍ സംഭവിക്കുമെന്നും ഫോണ്‍പേ പ്രസ്താവനയില്‍ പറഞ്ഞു.
റീട്ടെയില്‍ ഔട്ട്‌ലെറ്റുകളിലെയും മറ്റ് വ്യാപാര സ്ഥാപനങ്ങളിലെയും റെസ്റ്റോറന്റുകളിലെയും വിനോദ സഞ്ചാര കേന്ദ്രങ്ങളിലെയുമൊക്കെ ക്യൂആര്‍ കോഡുകള്‍ ഫോണ്‍പേ ആപ്പ് ഉപയോഗിച്ച് സ്‌കാന്‍ ചെയ്ത് പണം നല്‍കാന്‍ സാധിക്കും. യുഎഇയിലെ പ്രധാന ബാങ്കുകളിലൊന്നായ മശ്‌രിഖിന്റെ നിയോപേ ടെര്‍മിനലുകളിലൂടെയാണ് യുപിഐ ഇടപാടുകള്‍ സാധ്യമാവുന്നത്. രാജ്യത്തുടനീളമുള്ള വിവിധ സ്ഥാപനങ്ങളില്‍ നിയോപേ സംവിധാനം ലഭ്യമാണ്.