രാഹുല്‍ ഗാന്ധിയുടെ റോഡ്‌ഷോയ്ക്കിടെ കുഞ്ഞാലിക്കുട്ടിയെ ഇറക്കിവിട്ടോ? വീഡിയോയ്‌ക്കെതിരെ പരാതി നല്‍കി യൂത്ത് ലീഗ്

രാഹുല്‍ ഗാന്ധിയുടെ റോഡ്‌ഷോയ്ക്കിടെ കുഞ്ഞാലിക്കുട്ടിയെ ഇറക്കിവിട്ടോ? വീഡിയോയ്‌ക്കെതിരെ പരാതി നല്‍കി യൂത്ത് ലീഗ്
വയനാട് മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോയ്ക്കിടെ മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയെ വാഹനത്തില്‍ നിന്ന് ഇറക്കിവിട്ടെന്ന രീതിയിലുള്ള വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ പരാതി നല്‍കി യൂത്ത് ലീഗ്. കോഴിക്കോട് മുക്കം പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്. റോഡ് ഷോയിലെ ലീഗ് പതാകയുമായി ബന്ധപ്പെട്ട വാദപ്രതിവാദങ്ങള്‍ തുടരുന്നതിനിടെയാണ് ഈ വീഡിയോ പ്രചരിക്കുന്നത്.

യൂത്ത് ലീഗ് തിരുവമ്പാടി മണ്ഡലമാണ് പരാതി നല്‍കിയത്. വീഡിയോ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് സിപിഐഎം അനുകൂല പ്രൊഫൈലുകള്‍ക്കെതിരെ നടപടിയാവശ്യപ്പെട്ടാണ് പരാതി. സിപിഐഎം കേന്ദ്രങ്ങള്‍ രാഹുല്‍ ഗാന്ധിയെയും യുഡിഎഫിനെയും അപകീര്‍ത്തിപ്പെടുത്തിയെന്ന് കാണിച്ച് 13 ഫേസ്ബുക്ക് പ്രൊഫൈലുകള്‍ സഹിതമാണ് പരാതി നല്‍കിയിരിക്കുന്നത്.

റോഡ് ഷോയ്ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട കുഞ്ഞാലിക്കുട്ടിയെ രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കള്‍ വാഹനത്തില്‍ നിന്ന് ഇറക്കാന്‍ സഹായിക്കുന്നത് വ്യക്തമാക്കുന്നതാണ് ചിത്രം. എന്നാല്‍ റോഡ് ഷോയ്ക്കിടെ ഉണ്ടായ ലീഗ് പതാക സംബന്ധിച്ച വാദപ്രതിവാദങ്ങള്‍ക്കിടെ കുഞ്ഞാലിക്കുട്ടിയെ ഇറക്കിവിട്ടു എന്നതരത്തിലുള്ള കുറിപ്പോടെയാണ് ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തില്‍ പ്രചരിപ്പിച്ചിരിക്കുന്നത്. നൂറ് കണക്കിനാളുകളാണ് ഈ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. വിഷയത്തില്‍ നല്‍കിയ പരാതി പരിശോധിച്ച് ഉചിതമായ നടപടികളെടുക്കുമെന്ന് മുക്കം പൊലീസ് അറിയിച്ചു.



Other News in this category



4malayalees Recommends