പാനൂരില്‍ ബോംബ് നിര്‍മിച്ചത് ആര്‍എസ്എസ് പ്രവര്‍ത്തകരെ ലക്ഷ്യമിട്ട്?

പാനൂരില്‍ ബോംബ് നിര്‍മിച്ചത് ആര്‍എസ്എസ് പ്രവര്‍ത്തകരെ ലക്ഷ്യമിട്ട്?
പാനൂരില്‍ ഡിവൈഎഫ്‌ഐ നേതാക്കള്‍ ബോംബ് നിര്‍മ്മിച്ചത് രാഷ്ട്രീയ എതിരാളികളെ ലക്ഷ്യമിട്ടെന്ന് പൊലീസ് കണ്ടെത്തല്‍. രണ്ടാഴ്ച മുന്‍പ് കുന്നോത്ത്പറമ്പ് മേഖലയില്‍ നടന്ന ആര്‍എസ്എസ് സിപിഐഎം സംഘര്‍ഷത്തിന്റെ ഭാഗമായുള്ള പ്രത്യാക്രമണമാണ് ബോംബ് നിര്‍മ്മിക്കാനുള്ള കാരണമെന്ന് പൊലീസ് കണ്ടെത്തി. ഷിജാലും പരിക്കേറ്റ് ചികിത്സയിലുള്ള വിനീഷും ബോംബുണ്ടാക്കാന്‍ നേതൃത്വം നല്‍കിയെന്നും മറ്റ് അറസ്റ്റിലായ പ്രതികള്‍ പങ്കാളിത്തം വഹിച്ചെന്നുമാണ് പൊലീസ് പറയുന്നത്.

പ്രതികള്‍ ബോംബ് നിര്‍മ്മിച്ചത് രാഷ്ട്രീയ എതിരാളികളെ ലക്ഷ്യം വെച്ചെന്ന് തന്നെയാണ് റിമാന്‍ഡ് റിപ്പോര്‍ട്ട് പറയുന്നത്. ഡിവൈഎഫ്‌ഐ കുനോത്ത് പറമ്പ് യൂണിറ്റ് സെക്രട്ടറിയായ ഷിജാല്‍ ആണ് മുഖ്യ ആസൂത്രകനെന്നും റിപ്പോര്‍ട്ടില്‍ ഉണ്ട്.

സന്നദ്ധ പ്രവര്‍ത്തകരായ ഡിവൈഎഫ്‌ഐ നേതാക്കളെയാണ് കേസില്‍ പ്രതികളാക്കിയതെന്ന സിപിഐഎം സംസ്ഥാന സെക്രട്ടറിയുടെ വിശദീകരണം പൊലീസ് ശരിവെക്കുന്നില്ല. ഡിവൈഎഫ്‌ഐ നേതാക്കളായ അമല്‍ബാബുവിനും ഷിജാലിനും സായൂജിനും കേസില്‍ വ്യക്തമായ പങ്കുണ്ട്. പ്രദേശത്തുണ്ടായിരുന്ന ബോംബുകള്‍ ഒളിപ്പിച്ചതും സ്‌ഫോടനം നടന്ന സ്ഥലത്ത് മണല്‍ കൊണ്ടിട്ട് തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചതും അമല്‍ബാബുവും സായൂജുമാണെന്നാണ് പൊലീസ് റിപ്പോര്‍ട്ട്.

കേസില്‍ ഉള്‍പ്പെട്ട 12 പേര്‍ക്ക് പുറമെ കൂടുതല്‍ പേര്‍ക്ക് സ്‌ഫോടനത്തില്‍ പങ്കാളിത്തമുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്. പ്രതികളുടെ മൊബൈല്‍ ഫോണ്‍ ഡാറ്റകളും പൊലീസ് ശേഖരിക്കുന്നുണ്ട്. പ്രദേശത്തെ സംഘര്‍ഷ സാധ്യത മേഖലകളില്‍ അതീവ ജാഗ്രതയാണ് പൊലീസ് സ്വീകരിക്കുന്നത്.

Other News in this category



4malayalees Recommends