ഒമാന് പിന്നാലെ യുഎഇയിലും അടുത്ത മൂന്ന് ദിവസത്തേക്ക് കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത. ദേശീയ കാലാവസ്ഥാ കേന്ദ്രം ഞായാറാഴ്ച പുറത്തിറക്കിയ അറിയിപ്പ് പ്രകാരം ചില പ്രദേശങ്ങളില്‍ ഇടിമിന്നലിനും ആലിപ്പഴ വര്‍ഷത്തിനും സാധ്യതയുണ്ട്. തിങ്കളാഴ്ച മുതല്‍ അടുത്ത മൂന്ന് ദിവസത്തേക്ക് രാജ്യത്ത് ഈ കാലാവസ്ഥ നിലനില്‍ക്കുമെന്നാണ് ഔദ്യോഗിക അറിയിപ്പില്‍ വ്യക്തമാക്കിയിരിക്കുന്നത്.
ശക്തമായ മഴ വെള്ളക്കെട്ടിനും പ്രളയത്തിനും കാരണമായേക്കും. ശക്തമായ കാറ്റിനുള്ള സാധ്യത നിലനില്‍ക്കുന്നതിനാല്‍ ദൂരക്കാഴ്ചാ പരിധി ഗണ്യമായി കുറഞ്ഞേക്കും. ഇത് വാഹനങ്ങള്‍ ഓടിക്കുന്നവര്‍ കണക്കിലെടുത്ത് ആവശ്യമായ ജാഗ്രത പുലര്‍ത്തണം. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം മുതലായിരിക്കും കാലാവസ്ഥയില്‍ മാറ്റം വരുന്നതെന്നും ബുധനാഴ്ച രാവിലെ വരെ ഇത് തുടരാനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഇക്കാലയളവില്‍ മണിക്കൂറില്‍ 65 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റടിക്കാനും കടല്‍ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ട്.