വെസ്റ്റ് യോര്‍ക്ക്ഷയറില്‍ എട്ട് ചെറിയ പെണ്‍കുട്ടികളെ ബലാത്സംഗത്തിനും, ചൂഷണത്തിനും, മനുഷ്യക്കടത്തിനും വിധേയമാക്കി; 20-ലേറെ ലൈംഗിക വേട്ടക്കാര്‍ക്ക് ആകെ 346 വര്‍ഷം ജയില്‍ശിക്ഷ വിധിച്ചു

വെസ്റ്റ് യോര്‍ക്ക്ഷയറില്‍ എട്ട് ചെറിയ പെണ്‍കുട്ടികളെ ബലാത്സംഗത്തിനും, ചൂഷണത്തിനും, മനുഷ്യക്കടത്തിനും വിധേയമാക്കി; 20-ലേറെ ലൈംഗിക വേട്ടക്കാര്‍ക്ക് ആകെ 346 വര്‍ഷം ജയില്‍ശിക്ഷ വിധിച്ചു
വെസ്റ്റ് യോര്‍ക്ക്ഷയറില്‍ 13 വര്‍ഷക്കാലത്തോളം എട്ട് ചെറിയ പെണ്‍കുട്ടികള്‍ അനുഭവിച്ച ദുരിതത്തിന് ഒടുവില്‍ ശിക്ഷ വിധിച്ചു. പെണ്‍കുട്ടികളുടെ ജീവിതം ദുരിതമയമാക്കി മാറ്റിയ 20-ഓളം ലൈംഗിക കുറ്റവാളികള്‍ക്കാണ് ആകെ 346 വര്‍ഷത്തെ ശിക്ഷ ലഭിച്ചത്.

എട്ട് വര്‍ഷത്തോളം പെണ്‍കുട്ടികളെ ബലാത്സംഗത്തിനും, ചൂഷണങ്ങള്‍ക്കും, മനുഷ്യക്കടത്തിനും വിധേയമാക്കിയെന്ന് വെസ്റ്റ് യോര്‍ക്ക്ഷയര്‍ പോലീസ് കണ്ടെത്തിയതോടെയാണ് 24 പുരുഷന്‍മാരെ അറസ്റ്റ് ചെയ്തത്. ഗുരുതരമായ തോതിലാണ് അക്രമം അരങ്ങേറിയതെന്ന് പോലീസ് വിശദമാക്കി.

ഓപ്പറേഷന്‍ ടൂര്‍വേ എന്ന് പേര് നല്‍കിയാണ് പോലീസ് അന്വേഷണം നടത്തിയത്. ബലാത്സംഗം മുതല്‍ ലൈംഗിക ചൂഷണം, മനുഷ്യക്കടത്ത് എന്നിവയാണ് കണ്ടെത്തിയത്. നോര്‍ത്ത് കിര്‍ക്ലീസ് മേഖലയിലെ എട്ട് പെണ്‍കുട്ടികള്‍ക്കാണ് 1999 മുതല്‍ 2012 വരെ കാലയളവില്‍ ഈ ദുരിതം നേരിട്ടത്.

രണ്ട് വര്‍ഷക്കാലം നീണ്ട വിചാരണ റിപ്പോര്‍ട്ട് ചെയ്യുന്നതിനുള്ള വിലക്ക് വെള്ളിയാഴ്ച ലീഡ്‌സ് ക്രൗണ്‍ കോടതി പിന്‍വലിച്ചു. അവസാന ഘട്ടത്തില്‍ ഏഴ് പേര്‍ക്ക് കൂടി ശിക്ഷ വിധിച്ചതോടെയാണ് ക്രിമിനലുകളുടെ പേരുകള്‍ പുറത്തുവന്നത്. ശിക്ഷിക്കപ്പെട്ട നാല് പേര്‍ക്ക് 20 വര്‍ഷത്തിലേറെ ജയില്‍ശിക്ഷയും കോടതി വിധിച്ചു.

2015-ലാണ് ചില റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചത്. കൂടുതല്‍ അന്വേഷണത്തില്‍ കൂടുതല്‍ പ്രതികളെ കണ്ടെത്തിയതോടെയാണ് ഇത് വിപുലീകരിച്ചത്. 2018 നവംബര്‍ മുതല്‍ വെസ്റ്റ് യോര്‍ക്ക്ഷയറിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി പ്രതികളെ അറസ്റ്റ് ചെയ്ത് തുടങ്ങി. അഞ്ച് ഘട്ടമായി നടന്ന വിചാരണയില്‍ ആകെ 24 പ്രതികളാണ് ശിക്ഷിക്കപ്പെട്ടത്.

Other News in this category



4malayalees Recommends