മഴക്കെടുതി; ദുരിതം അനുഭവിക്കുന്നവര്‍ക്ക് സഹായം നല്‍കാന്‍ തയ്യാറെന്ന് യുഎഇ ബാങ്ക് ഫെഡറേഷന്‍ ചെയര്‍മാന്‍

മഴക്കെടുതി; ദുരിതം അനുഭവിക്കുന്നവര്‍ക്ക് സഹായം നല്‍കാന്‍ തയ്യാറെന്ന് യുഎഇ ബാങ്ക് ഫെഡറേഷന്‍ ചെയര്‍മാന്‍
കഴിഞ്ഞ മാസം യുഎഇയില്‍ കനത്ത മഴയെ തുടര്‍ന്ന് വെള്ളപ്പൊക്കം ഉണ്ടായതിന് പിന്നാലെ ദുരിതം അനുഭവിക്കുന്നവര്‍ക്ക് സഹായം നല്‍കാന്‍ തയ്യാറാണെന്ന് യുഎഇ ഫെഡറല്‍ ബാങ്കുകള്‍. പ്രളയക്കെടുതിയില്‍ ബുദ്ധിമുട്ടുന്ന ബിസിനസുകള്‍ക്കും വ്യക്തികള്‍ക്കും ബാങ്കുകള്‍ സാമ്പത്തിക സഹായവും ദുരിതാശ്വാസ നടപടികളും നല്‍കുമെന്ന് യുഎഇ ബാങ്ക് ഫെഡറേഷന്‍ ചെയര്‍മാന്‍ അബ്ദുള്‍ അസീസ് അല്‍ ഗുറൈര്‍ പറഞ്ഞു. ഇതിനായി നാശനഷ്ടങ്ങള്‍ ഉണ്ടായതായി തെളിയുന്ന രേഖകള്‍ സമര്‍പ്പിക്കണം.

ബാങ്കുകള്‍ സമ്പദ് വ്യവസ്ഥയുടെ ഭഗാമാണെന്ന് അബ്ദുല്‍ അസീസ് പറഞ്ഞു. വ്യക്തികള്‍ക്കും ബിസിനസുകള്‍ക്കും തിരിച്ചുവരാന്‍ കഴിയുന്ന തരത്തില്‍ ഒരു 'ലൈഫ് ലൈന്‍' നല്‍കുകയും സഹായിക്കുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'ഞങ്ങള്‍ സമ്പദ് വ്യവസ്ഥയുടെ ഭാഗമാണ്, ബുദ്ധിമുട്ടുള്ള ഉപഭോക്താക്കളോടൊപ്പം നില്‍ക്കുകയും അവരെ പിന്തുണയ്ക്കുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ താല്‍പ്പര്യം. സഹായത്തിനായി അവരും ബാങ്കുകളെ സമീപിക്കണം. ജനങ്ങള്‍ക്ക് അത് പ്രയോജനപ്പെടുത്താനുള്ള അവസരമാണിത്. അവര്‍ യഥാര്‍ത്ഥ ഇരകള്‍ ആണെങ്കില്‍ തെളിവുകള്‍ ഉണ്ടെങ്കില്‍, അവരുമായി ഒരുമിച്ച് പ്രവര്‍ത്തിക്കുക എന്നതാണ് ഞങ്ങളുടെ താല്‍പ്പര്യം. വ്യക്തിഗതമോ ചെറുതോ വലുതോ ആയ ബിസിനസ്സുകളിലായാലും സഹായിക്കും', അബ്ദുല്‍ അസീസ് പറഞ്ഞു.

ഏപ്രില്‍ 16നാണ് യുഎഇയില്‍ 75 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന മഴ രേഖപ്പെടുത്തിയത്. അതിന്റെ ഫലമായി വിമാന സര്‍വീസുകള്‍ തടസ്സപ്പെട്ടു. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് 2,000ലധികം വിമാനങ്ങള്‍ റദ്ദാക്കി. ഇത് വ്യാപാര സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും നാശനഷ്ടമുണ്ടാക്കി. ഏപ്രില്‍ 22 ന്, കാലാവസ്ഥാ സാഹചര്യത്തിന്റെ അനന്തരഫലങ്ങള്‍ ബാധിച്ച ഉപഭോക്താക്കള്‍ക്കുള്ള വ്യക്തിഗത, കാര്‍ വായ്പകളുടെ തവണകള്‍ തിരിച്ചടയ്ക്കുന്നത് ആറ് മാസ കാലയളവിലേക്ക് മാറ്റിവയ്ക്കാന്‍ അനുവദിക്കണമെന്ന് സെന്‍ട്രല്‍ ബാങ്ക് ഓഫ് യുഎഇ (സിബിയുഎഇ) എല്ലാ ബാങ്കുകള്‍ക്കും ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കും നോട്ടീസ് നല്‍കിയിരുന്നു.

Other News in this category



4malayalees Recommends