എക്‌സ്‌പോ 2020 ദുബായ് മ്യൂസിയം ദുബായ് കള്‍ച്ചര്‍ ആന്‍ഡ് ആര്‍ട്‌സ് അതോറിറ്റി ചെയര്‍പേഴ്‌സണും ദുബായ് കൗണ്‍സില്‍ അംഗവുമായ ശെയ്ഖ ലത്തീഫ ബിന്‍ത് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം എക്‌സ്‌പോ സിറ്റിയില്‍ ഉദ്ഘാടനം ചെയ്തു. 1970കളില്‍ വേള്‍ഡ് എക്‌സ്‌പോ മേഖലയിലേക്കുള്ള യുഎഇയുടെ പ്രവേശനം, എക്‌സ്‌പോ 2020ന്റെ തുടക്കം, ബിഡ്, മാസ്റ്റര്‍പ്ലാന്‍ രൂപകല്‍പ്പന, സൈറ്റ് നിര്‍മ്മാണം, കൊവിഡ് മഹാമാരിയുടെ വെല്ലുവിളികള്‍, ഉദ്ഘാടന ചടങ്ങുകള്‍, തുടര്‍ന്നുള്ള ആറുമാസത്തെ പ്രദര്‍ശന പരിപാടികള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട വിവരങ്ങളും കാഴ്ചകളും മ്യൂസിയം എടുത്തുകാണിക്കുന്നു.
എക്‌സ്‌പോ 2020 ദുബായ് മ്യൂസിയത്തിലൂടെ, നാം കൈവരിച്ച നേട്ടങ്ങളെയും കടന്നുപോയ വഴികളെയും കുറിച്ചുള്ള ഓര്‍മകള്‍ ഭാവിതലമുറയ്ക്കായി കാത്തുവയ്ക്കുകയാണ് ചെയ്യുന്നതെന്ന് അവര്‍ പറഞ്ഞു. അന്താരാഷ്ട്ര മ്യൂസിയം ദിനത്തോടനുബന്ധിച്ച് ഇന്ന് മെയ് 18ന് എക്‌സ്‌പോ ദുബായ് മ്യൂസിയത്തില്‍ പ്രവേശനം സൗജന്യമായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.