സൗദിയില്‍ കോവിഡ് പ്രതിസന്ധി കാരണം ജോലി നഷ്ടമായവരുടെ എണ്ണം നാലു ലക്ഷം കവിഞ്ഞു
സൗദിയില്‍ കോവിഡ് പ്രതിസന്ധി കാരണം ജോലി നഷ്ടമായവരുടെ എണ്ണം നാലു ലക്ഷം കവിഞ്ഞു. ഇതില്‍ രണ്ടേമുക്കാല്‍ ലക്ഷത്തിലേറെ പേര്‍ പ്രവാസികളാണ്. ഒരു കോടിയിലേറെ പ്രവാസികളാണ് സൗദിയിലുള്ളത്. പ്രതിസന്ധി മറികടക്കാന്‍ മുപ്പത്തിയൊന്ന് കമ്പനികളിലൂടെ ഒരു ലക്ഷത്തിലേറെ ജോലികള്‍ സൃഷ്ടിക്കാന്‍ മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്.
ജോലി നഷ്ടമായവരില്‍ അരലക്ഷത്തിലേറെ പേര്‍ ജോലി രാജി വെച്ചതാണെന്നും ജനറല്‍ അതോറിറ്റി ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. നാട്ടില്‍ പോയി കുടുങ്ങിയവരോടടക്കം കോവിഡ് സാഹചര്യത്തില്‍ രാജി വെക്കാന്‍ വിവിധ കമ്പനികള്‍ ആവശ്യപ്പെട്ടിരുന്നു. കോവിഡ് പ്രതിസന്ധി കാരണം 36000 പേരെയാണ് ടെര്‍മിനേറ്റ് ചെയ്തത്. കോവിഡ് സാഹചര്യത്തില്‍ തൊഴിലാളികളെ പിരിച്ചു വിടാന്‍ ദേശീയ തൊഴില്‍ നിയമത്തില്‍ നേരത്തെ ഭേദഗതി വരുത്തിയിരുന്നു. കോവിഡ് വ്യാപനം കുറയുന്നതാണ് നിലവില്‍ സൗദിയിലെ സാഹചര്യം. ഇതു കണക്കു കൂട്ടി വിവിധ കമ്പനികള്‍ നേരത്തെ താല്‍ക്കാലിമായി പിരിച്ചു വിട്ട ജീവനക്കാരെ തിരിച്ചു വിളിക്കുന്നുണ്ട്. അതേ സമയം, പ്രതിസന്ധി മറികടക്കാന്‍ 31 കമ്പനികള്‍ പൊതു നിക്ഷേപ ഫണ്ടിന് കീഴില്‍ രൂപീകരിക്കുന്നുണ്ട്. ഇതുവഴി ലക്ഷത്തിലേറെ ജോലികള്‍ സൃഷ്ടിക്കാനാണ് ശ്രമം.