വ്യാജ മേല്‍വിലാസം നല്‍കി സൗദി അറേബ്യയിലെത്തി ആത്മഹത്യ ചെയ്തയാള്‍ കൊലക്കേസ് പ്രതി. കോട്ടയം ആര്‍പ്പൂക്കര പനമ്പാലം കദളിക്കാലായില്‍ മുഹമ്മദ് സാദിഖ് എന്നയാളാണ് വ്യാജ വിലാസം നല്‍കി സൗദിയിലെത്തി പെയിന്റിങ് ജോലി ചെയ്തു വരുന്നതിനിടെ ആത്മഹത്യ ചെയ്തത്. കൊല്ലം അയത്തില്‍ അഷ്‌റഫ് എന്ന പേരിലാണ് സാദിഖ് സൗദിയില്‍ കഴിഞ്ഞിരുന്നത്. തൊടുപുഴ സ്വദേശിനിയായ യുവതിയെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയായിരുന്നു സാദിഖ്. കൊലക്കേസ് പ്രതിയായ ഇയാള്‍ ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു. തുടര്‍ന്നാണ് വ്യാജ വിലാസത്തില്‍ സൗദിയിലേക്ക് കടന്നത്. അവിടെ പെയിന്റിങ് ജോലി ചെയ്തുവരുന്നതിനിടെയാണ് താമസസ്ഥലത്തു ആത്മഹത്യ ചെയ്തത്.
കഴിഞ്ഞ ദിവസം നാട്ടിലെത്തിച്ച മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയശേഷമാണ് മരിച്ചത് സാദിഖാണെന്ന് ഉറപ്പുവരുത്തിയത്. ഇതിനുശേഷമാണ് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയത്. തുടര്‍ന്ന് കബറകടക്കം നടത്തി.
കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അമ്മയുടെ ചികിത്സ ആവശ്യങ്ങള്‍ക്കായി വീട്ടില്‍നിന്ന് ഇറങ്ങിയ തൊടുപുഴ കരിങ്കുന്നം തട്ടാരത്തട്ട വാഴേപ്പറമ്പില്‍ സിജി(24)യെ 2014 ജൂലൈ 29നാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ചീയപ്പാറയിലാണ് മൃതദേഹം കണ്ടെത്തിയത്.
ഏറെക്കാലമായി പ്രണയം നടിച്ച് രജിസ്റ്റര്‍ വിവാഹം ചെയ്യാമെന്ന ഉറപ്പില്‍ സിജിയെ കടത്തിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു. സിജിയുടെ കൈവശമുണ്ടായിരുന്ന 16 പവന്‍ സ്വര്‍ണാഭരണങ്ങളും 16000 രൂപയും തട്ടിയെടുത്തശേഷമാണ് കൊലനടത്തിയത്. സിജിയെ കഴുത്തറുത്തു കൊലപ്പെടുത്തിയശേഷം നേര്യമംഗലം വനത്തിന് സമീപത്തുള്ള ചീയപ്പാറയില്‍ ഉപേക്ഷിക്കുകയായിരുന്നു. സാദിഖിനൊപ്പം മൂന്നു സുഹൃത്തുക്കളും കൊലപാതകത്തില്‍ പങ്കാളികളായി.
സാദ്ദിഖ് ഉള്‍പ്പടെയുള്ളവര്‍ പിന്നീട് പൊലീസിന്റെ പിടിയിലായെങ്കിലും ജാമ്യത്തിലിറങ്ങി ഇയാള്‍ മുങ്ങുകയായിരുന്നു. എന്നാല്‍ മറ്റ് പ്രതികളെ വിചാരണ നടത്തി കോടതി ശിക്ഷിക്കുകയും ചെയ്തു. ഇതിനിടെ വ്യാജ വിലാസത്തില്‍ രാജ്യം വിട്ട സാദിഖിനെ പൊലീസിന് കണ്ടെത്താനും സാധിച്ചില്ല.
കൊല്ലം അയത്തില്‍ സ്വദേശി അഷ്‌റഫ് സൗദിയില്‍ ആത്മഹത്യ ചെയ്തതായുള്ള പത്രവാര്‍ത്തയാണ് സാദിഖിനെ കണ്ടെത്താന്‍ നിര്‍ണായകമായത്. വാര്‍ത്തയ്‌ക്കൊപ്പമുണ്ടായിരുന്നത് സാദിഖിന്റെ ഫോട്ടോയായിരുന്നു. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ആത്മഹത്യ ചെയ്തത് സാദിഖാണെന്ന് പൊലീസ് തിരിച്ചറിഞ്ഞത്. കേസിലെ പ്രധാന പ്രതി മരിച്ച സാഹചര്യത്തില്‍ ഇയാള്‍ക്കെതിരായ കൊലപാതക കേസ് അവസാനിപ്പിച്ചുകൊണ്ട് പൊലീസ് കോടതിയില്‍ ഉടന്‍ റിപ്പോര്‍ട്ട് നല്‍കും.