വേതന സുരക്ഷാ നിയമം ; ജീവനക്കാരുടെ വിവര ശേഖരണത്തിന്റെ രണ്ടാം ഘട്ടം തുടങ്ങി
സൗദിയില്‍ വേതന സുരക്ഷയുമായി ബന്ധപ്പെട്ട് സ്ഥാപനങ്ങളിലെ ജീവനക്കാരുടെ വിവരശേഖരണത്തിന്റെ രണ്ടാംഘട്ടത്തിന് മന്ത്രാലയം തുടക്കം കുറിച്ചു. പൂര്‍ണ വേതന സുരക്ഷാ നിയമം നടപ്പിലാക്കുന്നതിന്റെ മുന്നോടിയായാണ് മുഴുവന്‍ ജീവനക്കാരുടെയും വിവരങ്ങള്‍ ശേഖരിക്കുന്നത്. മന്ത്രാലയം ഏര്‍പ്പെടുത്തിയ വെബ് പോര്‍ട്ടല്‍ വഴിയാണ് വിവരശേഖരണം നടത്തുന്നത്.
മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയമാണ് രണ്ടാംഘട്ട വിവരശേഖരണത്തിന് തുടക്കമിട്ടത്. ഇന്നലെ മുതലാണ് അടുത്ത ഘട്ടത്തിലേക്കുള്ള വിവരശേഖരണം ആരംഭിച്ചത്. പുതുതായി ഏര്‍പ്പെടുത്തിയ മുദദ് പോര്‍ട്ടല്‍ വഴിയാണ് ജീവനക്കാരുടെ വിവരങ്ങള്‍ ക്രോഡീകരിക്കുന്നത്. സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന തൊഴിലാളികളെ സംബന്ധിച്ച ഡാറ്റയാണ് ഇത് വഴി ശേഖരിക്കുക. മാനവ വിഭവശേഷി മന്ത്രാലയത്തിന് കീഴിലുള്ള ഉപ വകുപ്പുകളുടെയും മറ്റു മന്ത്രാലയങ്ങളുമായി ബന്ധപ്പെട്ടതുമായ വിവരങ്ങള്‍ ഒറ്റ പ്ലാറ്റ്‌ഫോമില്‍ ക്രോഡീകരിക്കുകയാണ് ലക്ഷ്യം.