ഇന്ത്യയില്‍ കൂടുതല്‍ നിക്ഷേപത്തിനൊരുങ്ങി സൗദി അറേബ്യ
ഇന്ത്യയില്‍ കൂടുതല്‍ നിക്ഷേപത്തിനൊരുങ്ങി സൗദി അറേബ്യ. സൗദി പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടാണ് നിക്ഷേപം നടത്തുക. വിവരസാങ്കേതിക മേഖലയില്‍ അഞ്ഞൂറ് ദശലക്ഷം ഡോളര്‍ കൂടി നിക്ഷേപമിറക്കാനാണ് ധാരണ. സാമ്പത്തിക വൈവിധ്യവല്‍ക്കരണവും, വികസനവും ലക്ഷ്യമിട്ടാണ് സൗദി അറേബ്യ അന്താരാഷ്ട്ര വിപണികളില്‍ കൂടുതല്‍ നിക്ഷേപത്തിന് തയ്യാറെടുക്കുന്നത്.
പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് വക്താവാണ് ഇന്ത്യയില്‍ പുതിയ നിക്ഷേപം നടത്തുന്നത് സംബന്ധിച്ച വിവരം പുറത്ത് വിട്ടത്. അന്താരാഷ്ട്ര വിപണികളില്‍ ഏറ്റവും കൂടുതല്‍ നിക്ഷേപ സാധ്യതയുള്ള വിപണി എന്ന നിലയിലാണ് പി.ഐ.എഫ് നിക്ഷേപം വര്‍ധിപ്പിക്കുന്നത്. ഡിജിറ്റല്‍ ഫൈബര്‍ ഒപ്റ്റിക് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ മേഖലയിലാണ് നിക്ഷേപം നടത്തുക. അഞ്ഞൂറ് ദശലക്ഷം ഡോളറിന്റെ മൂലധന നിക്ഷേപത്തിനാണ് ധാരണ. ദേശീയ സാമ്പത്തിക വൈവിധ്യ വല്‍ക്കരണത്തിന്റെ ഭാഗമായാണ് നടപടി.