സൗദിയിലെ സ്‌പോണ്‍സര്‍ഷിപ്പ് സംവിധാനത്തില്‍ വന്ന മാറ്റം ബാധകമാകാത്ത അഞ്ചു വിഭാഗങ്ങള്‍ക്കുള്ള നിയമം പ്രത്യേകം പുറത്തിറക്കും. റീ എന്‍ട്രി, എക്‌സിറ്റ് എന്നിവ നടപ്പാക്കുന്ന രീതിയും മന്ത്രാലയം വിശദീകരിച്ചു. തൊഴിലാളിയും സ്‌പോണ്‍സറും തമ്മിലുള്ള കരാര്‍ മന്ത്രാലയത്തില്‍ സമര്‍പ്പിക്കണം. ഇതിനാല്‍ ഇരു വിഭാഗത്തിന്റേയും ബന്ധം വഷളാകാത്ത രൂപത്തിലാകും പുതിയ സംവിധാനം പ്രവര്‍ത്തിക്കുക.
കഴിഞ്ഞ ദിവസമാണ് അരനൂറ്റാണ്ട് പഴക്കമുള്ള സ്‌പോണ്‍സര്‍ഷിപ്പ് സംവിധാനം തൊഴില്‍ കരാറാക്കി മാറ്റിയത്. ഇത് അടുത്ത വര്‍ഷം മാര്‍ച്ച് 14 മുതല്‍ പ്രാബല്യത്തിലാകും. റീഎന്‍ട്രി, എക്‌സിറ്റ്, ജോലി മാറ്റം എന്നിവ തൊഴിലാളിക്ക് ഓണ്‍ലൈന്‍ വഴി ചെയ്യാമെന്നതാണ് സംവിധാനത്തിലെ പ്രധാന നേട്ടം. ഇത് നടപ്പാക്കുന്ന രീതി മന്ത്രാലയം വിശദീകരിച്ചു. റീഎന്‍ട്രി, എക്‌സിറ്റ്, തൊഴില്‍ മാറ്റം എന്നിവ ഉണ്ടാകുമ്പോള്‍ അക്കാര്യം തൊഴിലുടമയെ ആദ്യം അറിയിക്കണം. തൊഴില്‍ കരാര്‍ ലംഘിച്ചാകരുത് മാറ്റങ്ങള്‍.
ജോലിയില്‍ പ്രവേശിക്കുന്ന സമയത്ത് തന്നെ കരാര്‍ മന്ത്രാലയത്തിന്റെ പോര്‍ട്ടലില്‍ അപ്!ലോഡ് ചെയ്യണം. ശമ്പളമടക്കം നല്‍കുന്നതും പോര്‍ട്ടലില്‍ അപ്!ലോഡ് ചെയ്യണം. അതായത് എന്ത് പരാതിയിലും ഇനി മന്ത്രാലയത്തിന്റെ കയ്യില്‍ രേഖയുണ്ടാകും. ഇരുകൂട്ടരുടേയും അവകാശങ്ങള്‍ സംരക്ഷിക്കാനാണിത്. ഈ അവകാശങ്ങള്‍ വീട്ടുജോലിക്കാര്‍, ഹൗസ് ഡ്രൈവര്‍മാര്‍, വീട്ടു കാവല്‍ക്കാര്‍, തോട്ടം ജീവനക്കാര്‍, ആയമാര്‍ എന്നിവര്‍ക്ക് ബാധകമല്ല. ഇവര്‍ക്കായി പ്രത്യേക നിയമം ഉടന്‍ പുറത്തിറക്കും.