രാജ്യത്താകെ സൗജന്യ വൈഫൈ വ്യാപകമാക്കാന്‍ സൗദി

രാജ്യത്താകെ സൗജന്യ വൈഫൈ വ്യാപകമാക്കാന്‍ സൗദി
സൗദിയില്‍ സൗജന്യ വൈഫൈ പോയിന്റുകള്‍ രാജ്യമൊട്ടാകെ വ്യാപിപ്പിക്കുന്ന പദ്ധതി ആരംഭിച്ചു. അറുപതിനായിരം പുതിയ വൈഫൈ പോയിന്റുകളാണ് സ്ഥാപിക്കുന്നത്.ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടി.

രാജ്യത്തെ വിമാനത്താവളങ്ങള്‍, റെയില്‍വേ സ്‌റ്റേഷനുകള്‍ തുടങ്ങിയ പ്രാധന സ്ഥലങ്ങളിലെല്ലാം നിലവില്‍ വൈഫൈ സേവനം ലഭ്യമാണ്. എന്നാല്‍ ഇത് രാജ്യവ്യാപകമായി നടപ്പിലാക്കുന്നതിനുളള നടപടികളാണ് ഇപ്പോള്‍ ആരംഭിച്ചിട്ടുള്ളത്. രാജ്യമൊട്ടാകെ അറുപതിനായിരം പുതിയ വൈഫൈ പോയിന്റുകള്‍ ഇതിനായി സ്ഥാപിക്കും. പദ്ധതി പ്രാവര്‍ത്തികമാകുന്നതോടെ മക്കയിലേയും മദീനയിലേയും ഹറമുകള്‍, പുണ്യസ്ഥലങ്ങള്‍, ഹോസ്പിറ്റലുകള്‍, ഷോപ്പിംഗ് മാളുകള്‍, പൊതുസ്ഥലങ്ങള്‍, പാര്‍ക്കുകള്‍, പ്രധാന നഗരങ്ങള്‍, തുടങ്ങിയ സ്ഥലങ്ങളിലെല്ലാം വൈഫൈ വഴി സൗജന്യ ഇന്റര്‍നെറ്റ് സേവനം ലഭ്യമാകും. ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. രാജ്യത്ത് പ്രവര്‍ത്തിച്ച് വരുന്ന ടെലികമ്മ്യൂണിക്കേഷന്‍സ് സേവന ദാതാക്കളുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് കമ്മ്യൂണിക്കേഷന്‍ ആന്റ് ഐ.ടി കമ്മീഷന്‍ അറിയിച്ചു.

എവിടെയെല്ലാം വൈഫൈ പോയിന്റുകള്‍ ലഭ്യമാണെന്ന് ഉപഭോക്താക്കള്‍ക്ക് മനസ്സിലാക്കുന്നതിനായി ടെലികോം കമ്പനികളുടെ വെബ് സൈറ്റ് വഴിയോ മൊബൈല്‍ ആപ്പ് വഴിയോ മാപ്പുകള്‍ പ്രസിദ്ധപ്പെടുത്തും. ഈ പോയിന്റുകള്‍ വഴി പ്രതിദിനം രണ്ട് മണിക്കൂര്‍ വീതം ഉപഭോക്താക്കള്‍ക്ക് വൈഫൈ നെറ്റ് വര്‍ക്കിലേക്ക് കണക്ട് ചെയ്ത് സൗജന്യ ഇന്റര്‍നെറ്റ് സേവനം ഉപയോഗിക്കാം.



Other News in this category



4malayalees Recommends