സൗദിയില്‍ പൊതു സുരക്ഷാ വിഭാഗത്തിന്റെ പരിഷ്‌കരിച്ച മൊബൈല്‍ ആപ്പ് പുറത്തിറക്കി. വ്യക്തികളുടെ സുരക്ഷ ഉറപ്പാക്കാനാകും വിധം കൂടുതല്‍ സേവനങ്ങളുള്‍പ്പെടുത്തിയാണ് ആപ്പ് പരിഷ്‌കരിച്ചത്. ഇഖാമ നമ്പറും, മൊബൈല്‍ നമ്പറും നല്‍കി എളുപ്പത്തില്‍ ആപ്പിലേക്ക് ലോഗിന്‍ ചെയ്യാവുന്നതാണ്.
വ്യക്തികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അടിയന്തിര ഘട്ടങ്ങളില്‍ അധികൃതരെ അറിയിക്കുന്നതിനായി സ്വദേശികളും വിദേശികളും ഒരുപോലെ ഉപയോഗിച്ച് വരുന്നതാണ് കുല്ലുനാ അംന്‍ എന്ന മൊബൈല്‍ ആപ്പ്. മനുഷ്യക്കടത്ത്, ഹരാസ്‌മെന്റ്, സൈബര്‍ കുറ്റകൃത്യങ്ങള്‍ തുടങ്ങിയവ പരിഷ്‌കരിച്ച ആപ്പിലൂടെ റിപ്പോര്‍ട്ട് ചെയ്യാം. വ്യക്തികളുടെ സ്വകാര്യ ജീവിതത്തിന് പ്രയാസം സൃഷ്ടിക്കുക, സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യുക, വ്യക്തികളുടെ ഐഡിന്റിറ്റി ദുരുപയോഗം ചെയ്യുക, അപകീര്‍ത്തിപെടുത്തുക, വഞ്ചന, മോശമായ വാക്കുകളുപയോഗിക്കുക, നിര്‍ബന്ധിച്ച് തൊഴിലെടുപ്പിക്കുക, സെക്‌സ് വ്യാപാരം, ലൈംഗിക ഉപദ്രവം തുടങ്ങിയ കുറ്റകൃത്യങ്ങളും ആപ്പ് വഴി റിപ്പോര്‍ട്ട് ചെയ്യാനാകും.
പൊലീസ് സേവനങ്ങള്‍, ഹൈവേ സര്‍വ്വീസുകള്‍ തുടങ്ങിയ അടിയന്തിര സേവനം ആവശ്യമുള്ള സമയങ്ങളിലും ഇത് ഉപയോഗിക്കാം, കര്‍ഫ്യൂ ഇന്‍സിഡന്റുകള്‍, ആക്‌സിഡന്റുകള്‍, ഗതാഗത തടസ്സമുള്‍പ്പെടെയുള്ള ട്രാഫിക് സംബന്ധമായ കാര്യങ്ങളും, ഫോട്ടോയും,വീഡിയോയും ഉള്‍പ്പെടെ അധികൃതരെ വേഗത്തില്‍ അറിയിക്കുവാന്‍ ആപ്പ് സഹായിക്കും.