കോവിഡ് വൈറസ് വാക്‌സിന്‍ ലഭ്യമാക്കുന്നതിന് ജര്‍മന്‍ കമ്പനിയുമായി ധാരണയിലെത്തി സൗദി
കോവിഡ് വൈറസ് വാക്‌സിന്‍ ലഭ്യമാക്കുന്നതിന് ജര്‍മന്‍ കമ്പനിയുമായി സൗദി അറേബ്യ ധാരണയിലെത്തിയെന്ന് സൂചനകള്‍. സൗദി ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയാണ് ജര്‍മന്‍ ബയോ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയുമായി ധാരണാ പത്രത്തില്‍ ഒപ്പ് വെച്ചിരിക്കുന്നത്. 2021 ആദ്യ പാദത്തോടെ വാക്‌സിന്‍ വിപണനാടിസ്ഥാനത്തില്‍ ഉല്‍പ്പാദിപ്പിക്കാനാകുമെന്ന കണക്ക് കൂട്ടലിലാണ് നിര്‍മ്മാതാക്കള്‍.
സൗദി ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍ഡസ്ട്രീസ് ആന്റ് മെഡിക്കല്‍ അപ്ലയന്‍സസ് കമ്പനി അഥവാ സ്പിമാക്കോ ആണ് ധാരണ സംബന്ധിച്ച വിവരം പുറത്ത് വിട്ടിരിക്കുന്നത്. ജര്‍മന്‍ ബയോഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ക്യൂര്‍വാക്കുമായാണ് കരാര്‍ ഒപ്പ് വെച്ചത്. കമ്പനി വികസിപ്പിച്ചെടുത്ത കോവിഡ് വാക്‌സിന്റെ സൗദിയിലെ വിതരണവും അനുമതിയും നേടുന്നതിനുള്ള പ്രാഥമിക ധാരണയിലാണ് ഇരു സ്ഥാപനങ്ങളും എത്തിയത്. ഇതിനായി വാക്‌സിന്റെ രജിസ്‌ട്രേഷന്‍, വിതരണ അനുമതി, മറ്റു റെഗുലേറ്ററി ആവശ്യമായ ആരോഗ്യ മന്ത്രാലയത്തിന്റെയും എഫ്.ഡി.എയുടെയും അനുമതികള്‍ എന്നിവ നേടുന്നതിനാണ് സ്പിമാക്കോ പ്രവര്‍ത്തിക്കുക.