സ്വകാര്യ മേഖലയില്‍ സ്വദേശികളുടെ മിനിമം ശമ്പളം വര്‍ധിപ്പിച്ച നടപടി നിലവിലുള്ളതും പുതുതായി പ്രവേശിക്കുന്നതുമായ എല്ലാവര്‍ക്കും ബാധകം
സൗദിയില്‍ സ്വകാര്യ മേഖലയില്‍ സ്വദേശികളുടെ മിനിമം ശമ്പളം വര്‍ധിപ്പിച്ച നടപടി നിലവിലുള്ളതും പുതുതായി പ്രവേശിക്കുന്നതുമായ എല്ലാവര്‍ക്കും ബാധകമായിരിക്കുമെന്ന് മന്ത്രാലയത്തിന്റെ അറിയിപ്പ്. നിതാഖാത്ത് വ്യവസ്ഥയില്‍ സ്വദേശി അനുപാതം കണക്കാക്കുന്നതിന് 4000 റിയാലില്‍ കുറയാത്ത മിനിമം വേതനം നല്‍കിയിരിക്കണമെന്നും മന്ത്രാലയം ആവര്‍ത്തിച്ചു. ദിവസങ്ങള്‍ക്ക് മുമ്പാണ് സ്വദേശികളുടെ മിനിമം വേതനം രാജ്യത്ത് ഉയര്‍ത്തിയത്.
മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയ വക്താവ് നാസര്‍ അല്‍ ഹസനിയാണ് ഇത് സംബന്ധിച്ച വിശദീകരണം നല്‍കിയത്. രാജ്യത്ത് അടുത്തിടെ പ്രഖ്യാപിച്ച സ്വദേശികളുടെ സ്വാകാര്യ മേഖലയിലെ മിനിമം വേതന വര്‍ധനവ് എല്ലാവര്‍ക്കും ബാധകമായിരിക്കും. നിലവില്‍ ജോലി ചെയ്തു വരുന്നവര്‍ക്കും പുതിയതായി ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്കും ഒരുപോലെ ഇതിന്റെ പ്രയോജനം ലഭിക്കും.