ഇറാന്‍ ശാസ്ത്രജ്ഞന്റെ കൊലപാതകം; സംഘര്‍ഷത്തിന് പരിഹാരം തേടി യു.എസ് സംഘം സൗദിയിലേക്ക്
ഇറാനിലെ ഉന്നത ആണവ ശാസ്ത്രജ്ഞനായ മൊഹ്‌സെന്‍ ഫക്രിസാദെ കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ മേഖലയില്‍ ഉടലെടുത്ത സംഘര്‍ഷത്തിന് പരിഹാരം തേടാന്‍ ചര്‍ച്ചകള്‍ക്കൊരുങ്ങി യു.എസ് സംഘം സൗദിയിലേക്ക്. വൈറ്റ് ഹൗസിലെ മുതിര്‍ന്ന ഉപദേഷ്ടാവ് ജേര്‍ഡ് കുഷ്‌നറും സംഘവുമാണ് ഈ ആഴ്ച സൗദിയും ഖത്തറും സന്ദര്‍ശിക്കുന്നതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി ജേര്‍ഡ് കുഷ്‌നര്‍ സൗദി നഗരമായ നിയോമില്‍ വെച്ച് കൂടിക്കാഴ്ച നടത്തുമെന്ന് യു.സിലെ മുതിര്‍ന്ന അഡ്മിനിസ്‌ട്രേറ്റീവ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം സുരക്ഷാ കാരണങ്ങളാല്‍ കുഷ്‌നറുടെ യാത്രയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ കഴിയില്ലെന്നാണ് യു.എസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ റോയിട്ടേഴ്‌സിനോട് പ്രതികരിച്ചത്.
കഴിഞ്ഞയാഴ്ച കുഷ്‌നര്‍ കുവൈറ്റ് വിദേശകാര്യ മന്ത്രി ഷെയ്ഖ് അഹ്മദ് നാസര്‍ അല്‍ മുഹമ്മദ് അല്‍ സബയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.