സൗദിയില്‍ സമ്പൂര്‍ണ വേതന സംരക്ഷണ നിയമം നാളെ മുതല്‍ പ്രാബല്യത്തില്‍ വരും
സൗദിയില്‍ സമ്പൂര്‍ണ വേതന സംരക്ഷണ നിയമം നാളെ മുതല്‍ പ്രാബല്യത്തിലാകും. രാജ്യത്തെ മുഴുവന്‍ ജീവനക്കാര്‍ക്കും ബാങ്ക് അക്കൌണ്ടുകള്‍ വഴി മാത്രമായിരിക്കും ഇനി ശമ്പളം വിതരണം ചെയ്യുക. ഇതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു. കൃത്യസമയത്ത് തൊഴിലാളിക്ക് ശമ്പളം ഉറപ്പു വരുത്തുന്നതിന് ലക്ഷ്യമിട്ടാണ് നിയമം നടപ്പിലാക്കുന്നത്.
രാജ്യത്തെ തൊഴില്‍ നിയമങ്ങളിലും ചട്ടങ്ങളിലും മാറ്റം വരുത്തുന്നതിന്റെ ഭാഗമായാണ് വേതന സംരക്ഷണ നിയമത്തിന് തുടക്കം കുറിച്ചത്. വിവിധ ഘട്ടങ്ങളിലായി നടപ്പിലാക്കിയ വേതന സംരക്ഷണ നിയമത്തിന്റെ അവസാന ഘട്ടത്തിനാണ് നാളെ മുതല്‍ തുടക്കമാകുക. ഒന്ന് മുതല്‍ നാല് ജീവനക്കാര്‍ വരെയുള്ള സ്ഥാപനങ്ങളാണ് ഈ ഘട്ടത്തില്‍ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുക.
നിയമം നടപ്പില്‍ വരുത്തുന്നതിനുള്ള അവസാനഘട്ട നിര്‍ദ്ദേശങ്ങളും ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയതായി മന്ത്രാലയം അറിയിച്ചു. തൊഴിലാളികളുടെ ശമ്പളം ബാങ്ക് അക്കൌണ്ട് വഴി ട്രാന്‍സ്ഫര്‍ ചെയ്യുക, കൃത്യസമയത്ത് ശമ്പളം നല്‍കുക എന്നിവയാണ് നിയമത്തിന്റെ പ്രധാന ലക്ഷ്യങ്ങള്‍. ഒന്നു മുതല്‍ നാല് വരെ ജീവനക്കാരുള്ള നാല് ലക്ഷത്തോളം സ്ഥാപനങ്ങളാണ് സൗദിയിലുള്ളത്