ആണവ ശാസ്ത്രജ്ഞന്റെ കൊലപാതകത്തിന്റെ ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന ഇറാന്റെ ആരോപണം തള്ളി സൗദി
ആണവ ശാസ്ത്രജ്ഞന്‍ മുഹ്‌സിന്‍ ഫക്രിസാദെയുടെ കൊലപാതകത്തിന്റെ ഗൂഢാലോചനയില്‍ സൗദി അറേബ്യക്ക് പങ്കുണ്ടെന്ന ഇറാന്റെ വാദത്തെ രൂക്ഷമായി വിമര്‍ശിച്ച് സൗദി അറേബ്യ. ഏതു തരത്തിലുള്ള കൊലപാതകത്തേയും സൗദി അറേബ്യ അനുകൂലിക്കുന്നില്ലെന്ന് വിദേശകാര്യ സഹമന്ത്രി ആദില്‍ അല്‍ ജുബൈര്‍ പറഞ്ഞു. നാളെ ഇറാനില്‍ പ്രളയമുണ്ടായാലും ഇറാന്‍ സൗദിയെ കുറ്റം പറയുമെന്നും ജുബൈര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം ഇറാന്‍ വിദേശകാര്യ മന്ത്രി ജവാജ് സാരിഫാണ് സൗദിക്കെതിരെ ആരോപണമുന്നയിച്ചത്. യു.എസ് സ്റ്റേറ്റ് സെക്രട്ടറി, സൗദി കിരീടാവകാശി, ഇസ്രയേല്‍ പ്രധാനമന്ത്രി എന്നിവര്‍ നടത്തിയ രഹസ്യ കൂടിക്കാഴ്ചക്ക് ശേഷമായിരുന്നു ഇറാന്‍ ശാസ്ത്രജ്ഞന്റെ കൊലപാതമെന്നായിരുന്നു സാരിഫിന്റെ ആരോപണം. ഇതിനോട് രൂക്ഷമായ ഭാഷയിലാണ് സൗദി വിദേശ കാര്യ മന്ത്രി പ്രതികരിച്ചത്.