സൗദിയില്‍ വ്യവസായ മേഖലയില്‍ സ്വദേശി അനുപാതം വര്‍ധിച്ചു
സ്വകാര്യ വ്യവസായ മേഖലയില്‍ സ്വദേശിവല്‍ക്കരണം ലക്ഷ്യമിട്ടതിലും കൂടുതല്‍ പേര്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കാന്‍ കഴിഞ്ഞതായി സൗദി മന്ത്രാലയം. വ്യവസായ മേഖലയില്‍ ഈ വര്‍ഷം മാത്രം മുപ്പത്തി അയ്യായിരത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു. ഇതോടെ ഈ രംഗത്തെ ആകെ സ്വദേശികളുടെ തോത് മുപ്പത് ശതമാനത്തിനും മുകളിലെത്തി.
വ്യവസായ വകുപ്പ് മന്ത്രി ബന്ദര്‍ അല്‍ഖുറൈഫാണ് ഇത് സംബന്ധിച്ച വിശദീകരണം നല്‍കിയത്. രാജ്യത്തെ സ്വകാര്യ വ്യവസായ മേഖലയില്‍ സ്വദേശി അനുപാതം ഇരുപത്തിയഞ്ച് ശതമാനമായിരുന്നു മന്ത്രാലയം ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ ഇപ്പോള്‍ അത് 30 ശതമാനം കടന്നതായി മന്ത്രി പറഞ്ഞു. ഈ വര്‍ഷം മാത്രം 35000 ലേറെ സ്വദേശികള്‍ക്ക് വ്യവസായ രംഗത്ത് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞതായും മന്ത്രി വ്യക്തമാക്കി. ഇതില്‍ മൂന്നില്‍ രണ്ട് ശതമാനം പേര്‍ സ്വദേശി വനിതകളാണ്.
കോവിഡ് പ്രതിസന്ധികള്‍ക്കിടയിലും 800 പുതിയ വ്യവസായ ലൈസന്‍സുകള്‍ രാജ്യത്ത് അനുവദിച്ചു. ഇത് വഴി 2100 കോടിയിലേറെ നിക്ഷേപമാണ് ഈ രംഗത്ത് നടന്നതെന്നും മന്ത്രി വിശദീകരിച്ചു.