മക്കയില്‍ കോവിഡിന് ശേഷം പന്ത്രണ്ട് ലക്ഷത്തിലധികം പേര്‍ ഉംറ നിര്‍വ്വഹിച്ചു. ആരോഗ്യ മുന്‍കരുതലുകള്‍ പാലിച്ച് കൊണ്ടാണ് സ്വദേശികളും വിദേശികളും ഉംറ നിര്‍വ്വഹിക്കുന്നത്. രണ്ടര മാസംകൊണ്ട് 34 ലക്ഷത്തോളം പേര്‍ ഹറം പള്ളിയില്‍ നമസ്‌കാരങ്ങളില്‍ പങ്കെടുത്തതായും ഹറം കാര്യവകുപ്പ് അറിയിച്ചു.
കോവിഡ് വ്യാപന ഭീതിയെ തുടര്‍ന്ന് നിറുത്തിവെച്ച ഉംറ തീര്‍ത്ഥാടനം ഇക്കഴിഞ്ഞ ഒക്ടോബര്‍ നാലിനാണ് പുനരാരംഭിച്ചത്. അന്ന് മുതല്‍ ഡിസംബര്‍ 19 വരെ 12,34,000 പേര്‍ ഉംറ നിര്‍വ്വഹിച്ചതായി ഹറം കാര്യ വകുപ്പ് അറിയിച്ചു. കൂടാതെ ഇക്കാലയളവില്‍ 33,80,000 ത്തോളം പേര്‍ ഹറമിലെ നമസ്‌കാരങ്ങളില്‍ പങ്കെടുക്കുകയും ചെയ്തു.
ആദ്യ ഘട്ടത്തില്‍ സൗദിക്കകത്തുള്ള സ്വദേശികളും വിദേശികളുമുള്‍പ്പെടെ പ്രതിദിനം ആറായിരം പേര്‍ മാത്രമായിരുന്നു ഉംറ നിര്‍വ്വഹിച്ചിരുന്നത്. തുടര്‍ന്ന് രണ്ടാം ഘട്ടത്തില്‍ ഒക്ടോബര്‍ 18 മുതല്‍ പ്രതിദിനം 15,000 പേര്‍ക്ക് ഉംറ നിര്‍വ്വഹിക്കുന്നതിനും 40,000 വിശ്വാസികള്‍ക്ക് ഹറമില്‍ പ്രാര്‍ത്ഥനകളില്‍ പങ്കെടുക്കുന്നതിനും അനുമതി നല്‍കി.
നവംബര്‍ 1 ന് ആരംഭിച്ച മൂന്നാം ഘട്ടത്തിലാണ് വിദേശ രാജ്യങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ക്കും ഉംറ ചെയ്യാന്‍ അനുമതി നല്‍കി തുടങ്ങിയത്. അന്ന് മുതല്‍ പ്രതിദിനം 20,000 വിശ്വാസികള്‍ ഉംറ ചെയ്യുന്നതിനും, 60,000 പേര്‍ നമസ്‌കാരങ്ങളില്‍ പങ്കെടുക്കുന്നതിനും ഹറമിലെത്തുന്നുണ്ട്.