സൗദി അറേബ്യ തടവിലാക്കിയ മനുഷ്യാവകാശ പ്രവര്‍ത്തകയും സ്ത്രീപക്ഷവാദിയുമായ ലൗജെയിന്‍ അല്‍ ഹധ്‌ലൂലിന് അഞ്ചു വര്‍ഷവും എട്ട് മാസവും തടവ് ശിക്ഷ വിധിച്ച് സൗദി തീവ്രവാദ കോടതി.
ലൗജെയിന്റെ വിചാരണ നടപടികള്‍ ആരംഭിച്ചതിന് പിന്നാലെ അന്താരാഷ്ട്ര തലത്തില്‍ വിമര്‍ശനം ശക്തമാകുന്നതിനിടയിലാണ് കോടതി ലൗജെയിന് ശിക്ഷ വിധിച്ചത്.
മാറ്റത്തിന് വേണ്ടി പ്രക്ഷോഭം നടത്തി, വിദേശ അജണ്ടകള്‍ രാജ്യത്ത് നടപ്പിലാക്കാന്‍ ശ്രമിച്ചു, ഇന്റര്‍നെറ്റ് ഉപയോഗിച്ച് ക്രമസമാധാനം തകര്‍ക്കാന്‍ ശ്രമിച്ചു എന്നീ കുറ്റങ്ങള്‍ക്കാണ് ലൗജെയിനിനെ ശിക്ഷിച്ചത്. വിധിക്കെതിരെ അപ്പീലിന് പോകാന്‍ 30 ദിവസമാണ് നല്‍കിയിരിക്കുന്നത്.
ലൗജെയിനെ ശിക്ഷിക്കുന്ന നടപടി അസ്വസ്ഥതയുണ്ടാക്കുന്നതാണെന്ന് വിഷയത്തില്‍ ഐക്യരാഷ്ട്ര സഭ പ്രതികരിച്ചു. നേരത്തെ ലൗജെയിന്റെ വിചാരണ നടപടികള്‍ ആരംഭിച്ച ഘട്ടത്തിലും വിമര്‍ശനവുമായി ഐക്യരാഷ്ട്ര സഭ മുന്നോട്ട് വന്നിരുന്നു.
ഇതിനോടകം തന്നെ സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ച ലൗജെയിന്‍ രണ്ടര വര്‍ഷം തടവ് ശിക്ഷ അനുഭവിച്ചു കഴിഞ്ഞുവെന്നും അഞ്ച് വര്‍ഷവും എട്ട് മാസവും കൂടി അവര്‍ക്ക് ശിക്ഷ വിധിക്കുന്ന നടപടി ശരിയല്ലെന്നും ഐക്യരാഷ്ട്ര സഭ പ്രതികരിച്ചു.
സൗദിയിലെ പുരുഷാധിപത്യത്തിനെതിരെ ശബ്ദമുയര്‍ത്തിയ ലൗജെയിന്‍, വനിതകള്‍ക്ക് വാഹനമോടിക്കാനുളള അനുവാദം നേടിയെടുക്കുന്നതിനായി സജീവമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു.
ദേശീയ സുരക്ഷയുടെ കാരണങ്ങള്‍ പറഞ്ഞ് 2018 മെയിലാണ് ലൗജെയിനെ തടവിലാക്കുന്നത്. തുടര്‍ന്ന് ലൗജെയിന്‍ അല്‍ ഹധ്‌ലൂലിന്റെ വിചാരണ തീവ്രവാദ കോടതിയിലേക്ക് മാറ്റുകയായിരുന്നു.