കോവിഡ് കേസുകള്‍ കുറയുന്നു ; ആത്മവിശ്വാസത്തില്‍ സൗദി
രാജ്യത്ത് പുതിയ കോവിഡ് കേസുകള്‍ കുത്തനെ കുറഞ്ഞതോടെ ആത്മവിശ്വാസത്തിലാണ് സൗദി ആരോഗ്യ മന്ത്രാലയം. നൂറിനും താഴെ കേസുകളെത്തിയതോടെ ആഹ്ലാദത്തിലാണ് രാജ്യത്തെ സ്വദേശികളും വിദേശികളും. വാക്‌സിനേഷന്‍ ആരംഭിച്ചതോടെ ഈ വര്‍ഷം പാതിക്ക് മുന്നേ കോവിഡ് നിയന്ത്രണങ്ങള്‍ ലഘൂകരിക്കാനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. വകഭേദം വന്ന കോവിഡ് ഭീതിയെ തുടര്‍ന്ന് താല്‍ക്കാലികമായി അടച്ചിട്ട അതിര്‍ത്തികള്‍ തുറക്കുന്നു എന്ന വാര്‍ത്ത കേട്ടുകൊണ്ടാണ് സൗദി ജനത ഇന്ന് ഉറക്കമുണര്‍ന്നത്.
വൈകുന്നേരം ആരോഗ്യ മന്ത്രാലയത്തില്‍ നിന്നുള്ള പ്രതിദിന കോവിഡ് റിപ്പോര്‍ട്ട് കൂടി പുറത്ത് വന്നതോടെ ആശ്വാസം ഇരട്ടിയായി.ഇന്ന് ഒമ്പത് മാസത്തിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ കോവിഡ് നിരക്കിലെത്തിയ നിര്‍വൃതിയിലാണ് രാജ്യത്തെ സ്വദേശികളു വിദേശികളും. പ്രതിദിന മരണനിരക്കും ഏറ്റവും കുറഞ്ഞ നിരക്കിലെത്തിയതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.