നാലു വര്‍ഷത്തോളം നീണ്ട പ്രതിസന്ധിക്കൊടുവില്‍ സൗദി അറേബ്യയും ഖത്തറും അതിര്‍ത്തികള്‍ തുറക്കുന്നു

നാലു വര്‍ഷത്തോളം നീണ്ട പ്രതിസന്ധിക്കൊടുവില്‍ സൗദി അറേബ്യയും ഖത്തറും അതിര്‍ത്തികള്‍ തുറക്കുന്നു
നാലു വര്‍ഷത്തോളം നീണ്ട പ്രതിസന്ധിക്കൊടുവില്‍ സൗദി അറേബ്യയും ഖത്തറും അതിര്‍ത്തികള്‍ തുറക്കാന്‍ തീരുമാനിച്ചു. കുവൈത്ത് വിദേശ കാര്യ മന്ത്രിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഇതോടെ ഖത്തറുമായുള്ള കര, നാവിക, വ്യോമ അതിര്‍ത്തികള്‍ തുറന്നു. ഇക്കാര്യത്തില്‍ ഇരു രാജ്യങ്ങളും കരാറിലെത്തി. ആശയ ഭിന്നതയുള്ള വിഷയങ്ങളില്‍ ചര്‍ച്ച തുടരാനാണ് തീരുമാനം. യുഎസ് വക്താവ് ജെറാദ് കുഷ്‌നറുടെ സന്ദര്‍ശനത്തിന് പിന്നാലെയാണ് ഊര്‍ജിത ശ്രമം തുടങ്ങിയത്. നാളെ ജിസിസി ഉച്ചകോടി നടക്കാനിരിക്കെയുണ്ടായ പ്രഖ്യാപനം മേഖലയില്‍ സന്തോഷം പടര്‍ത്തുകയാണ്.

2017ലാണ് ഖത്തറിനെതിരെ സൗദി അറേബ്യ, യുഎഇ, ബഹ്‌റൈന്‍, ഈജിപ്ത്എന്നീ രാജ്യങ്ങളാണ് വിവിധ വിഷയങ്ങള്‍ ഉന്നയിച്ച് ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിച്ചത്. ഇതെല്ലാം ഖത്തര്‍ തള്ളിയിരുന്നു. ഇതോടെ അതിര്‍ത്തികളടച്ചു. പ്രതിസന്ധി മറികടക്കാന്‍ ഖത്തര്‍ സ്വന്തം നിലക്ക് ശ്രമം നടത്തി. ആരോപണങ്ങള്‍ നിലനില്‍ക്കെ മേഖലയുടെ സമാധാനം ലക്ഷ്യം വെച്ചാണ് ഇപ്പോള്‍ പുതിയ നീക്കം. ഖത്തറിനെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ ഇനി ചര്‍ച്ചയിലൂടെ പരിഹരിക്കാനാണ് നീക്കം.

യുഎസ് പ്രസിഡണ്ടായി ജോബൈഡന്‍ അധികാരമേല്‍ക്കും മുന്നേ പ്രശ്‌ന പരിഹാരം ഉണ്ടാകുമെന്ന് ട്രംപ് സൂചിപ്പിച്ചിരുന്നു. നാളെ ജിസിസി ഉച്ചകോടി സൗദിയില്‍ നടക്കാനിരിക്കെയാണ് ഖത്തറിനെതിരായ ഉപരോധം പിന്‍വലിക്കുന്നത്. വിഷയത്തില്‍ യുഎഇ, ഈജിപ്ത്, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങള്‍ ഇപ്പോഴും വിലക്ക് തുടരുന്നുണ്ട്.

സൗദി കിരീടാവകാശിയുടെ മുന്‍കൈയിലാണ് പ്രശ്‌ന പരിഹാര ശ്രമങ്ങള്‍ ഇപ്പോള്‍ നടന്നത്. ഗള്‍ഫ് മേഖലയുടെ കെട്ടുറപ്പിന് ഐക്യം അനിവാര്യമാണെന്ന് ഉപരോധം അവസാനിപ്പിച്ചു കൊണ്ടുള്ള തീരുമാനത്തില്‍ സൗദി കിരീടാവകാശി പറഞ്ഞു. ഇതോടെ നാളെ നടക്കുന്ന ഉച്ചകോടി വീണ്ടും ലോക ശ്രദ്ധ നേടും.

Other News in this category



4malayalees Recommends