സൗദിയിലെ തുറമുഖങ്ങളിലും സ്വദേശിവല്‍ക്കരണ പദ്ധതി പ്രഖ്യാപിച്ചു
സൗദിയിലെ തുറമുഖങ്ങളിലും സ്വദേശിവല്‍ക്കരണ പദ്ധതി പ്രഖ്യാപിച്ചു. ആദ്യ ഘട്ടത്തില്‍ തുറമുഖങ്ങളില്‍ പ്രവര്‍ത്തിക്കുന്ന നാല് കമ്പനികളില്‍ പദ്ധതി നടപ്പിലാക്കും. ഇരുപത്തി മൂന്ന് തൊഴില്‍ മേഖലകള്‍ പദ്ധതിയിലൂടെ സൗദിവല്‍ക്കരിക്കുകയാണ് ലക്ഷ്യം.
സൗദി പോര്‍ട്‌സ് അതോറിറ്റിയും, മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയവും സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. രാജ്യത്താകമാനമുള്ള തുറമുഖങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളില്‍ സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ് ലക്ഷ്യം. ജിദ്ദ ഇസ്ലാമിക് പോര്‍ട്ടിലെ നാല് കമ്പനികളിലാണ് ആദ്യ ഘട്ടത്തില്‍ പദ്ധതി നടപ്പിലാക്കുക. റെഡ് സീ ഗേറ്റ് വേ ടെര്‍മിനല്‍, ദുബായ് പോട്‌സ് വേള്‍ഡ്, സാമില്‍ ഓഫ്‌ഷോര്‍ സര്‍വ്വീസസ്, മന്‍സൂര്‍ അല്‍ മുസാഅദ് ട്രേഡിംഗ് ആന്റ് കോണ്‍ട്രാക്ടിംഗ് എന്നീ കമ്പനികളിലാണ് പദ്ധതിയുടെ തുടക്കം. ഈ കമ്പനികളിലെ 23 തൊഴില്‍ മേഖലകളിലെ മുന്നൂറിലേറെ തൊഴിലുകള്‍ ആദ്യഘട്ടത്തില്‍ സൗദിവല്‍ക്കരിക്കും.