വ്യോമ ഗാതാഗത മേഖലയില്‍ സൗദിവല്‍ക്കരണം നടപ്പിലാക്കുന്നതായി സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. ഈ വര്‍ഷം ആരംഭിച്ച് മൂന്ന് വര്‍ഷം കൊണ്ട് പൂര്‍ത്തീകരിക്കും വിധമാണ് പദ്ധതി. 28 മേഖലകളിലായി പതിനായിരം ജോലികളിലാണ് സൗദി പൗരന്മാരെ നിയമിക്കുക. ഇതില്‍ പൈലറ്റ്, ഫൈറ്റ് അറ്റന്റന്റ്, എയര്‍ ട്രാഫിക് കണ്‍ട്രോളര്‍, സൂപ്പര്‍ വൈസര്‍മാര്‍, റണ്‍വേ, ഗ്രൗണ്ട് സര്‍വ്വീസസ് കോര്‍ഡിനേറ്റര്‍മാര്‍, ഫൈറ്റ് കാറ്ററിംഗ് തുടങ്ങി എയര്‍ ട്രാന്‍സ്‌പോര്‍ട്ട് മേഖലയുമായി ബന്ധപ്പെട്ട ജോലികളെല്ലാം സൗദിവല്‍ക്കരിക്കും. കൂടാതെ മെയിന്റനന്‍സ് ആന്റ് ഓപ്പറേഷന്‍, കോണ്‍ട്രാക്ടിംഗ് കമ്പനികള്‍, സേവന ദാതാക്കള്‍ എന്നീ മേഖലകളിലേക്കും സൗദിവല്‍ക്കരണവുമായി ബന്ധപ്പെട്ട നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
എന്നാല്‍ കമ്പനികളുടെ വലുപ്പത്തിന് ആനുപാതികമായിട്ടായിരിക്കും സ്വദേശിവല്‍ക്കരണം നടപ്പിലാക്കുകയെന്ന് ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ വ്യക്തമാക്കി. ഇനിനോടകം തന്നെ ചില കമ്പനികള്‍ സൗദിവല്‍ക്കരണം നടപ്പിലാക്കി തുടങ്ങിയിട്ടുണ്ട്. പ്രതിമാസ അടിസ്ഥാനത്തില്‍ പദ്ധതി നടപ്പിലാക്കുന്നതിനും, നിരീക്ഷിക്കുന്നതിനും റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കി അതോറിറ്റിക്ക് നല്‍കുന്നതിനും പ്രത്യേക വിഭാഗത്തേയും നിയമിച്ചിട്ടുണ്ട്.