സൗദിയില്‍ മൂന്ന് മാസത്തിനിടെ രണ്ടര ലക്ഷത്തിലേറെ വിദേശികള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു. എന്നാല്‍ ഇതേ കാലയളവില്‍ സ്വദേശികളിലെ തൊഴിലില്ലായ്മ നിരക്കില്‍ കുറവ് രേഖപ്പെടുത്തി. വിവിധ മേഖലകളില്‍ സ്വദേശിവല്‍ക്കരണം പൂര്‍ത്തിയാകുന്നതോടെ കൂടുതല്‍ വിദേശികള്‍ക്ക് തൊഴില്‍ നഷ്ടമുണ്ടാകുമെന്നാണ് സൂചന.
കഴിഞ്ഞ വര്‍ഷം രണ്ടാം പാദത്തില്‍ 10.46 ദശലക്ഷം വിദേശ തൊഴിലാളികളാണ് രാജ്യത്തുണ്ടായിരുന്നത്. എന്നാല്‍ മൂന്നാം പാദാവസാനത്തെ കണക്കുകള്‍ പ്രകാരം 10.2 ദശലക്ഷം വിദേശ തൊഴിലാളികള്‍ മാത്രമേ സൗദിയിലുള്ളൂ. അതായത്, മൂന്ന് മാസത്തിനിടെ 2,57,200 ഓളം വിദേശികള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു. ഇതില്‍ സ്വകാര്യ മേഖലയിലെ ജീവനക്കാരും, ഗാര്‍ഹിക തൊഴിലാളികളും, കൃഷി തൊഴിലാളികളുമുള്‍പ്പെടും.
ഇതോടെ വിദേശ തൊഴിലാളികളുടെ എണ്ണത്തില്‍ രണ്ടര ശതമാനത്തിന്റെ കുറവുണ്ടായതായി കണക്കുകള്‍ വ്യക്തമാക്കുന്നു.