സൗദിയില്‍ തൊഴില്‍ വിസയില്‍ വന്‍ കുറവ് വന്നതായി റിപ്പോര്‍ട്ട്
സൗദിയില്‍ കഴിഞ്ഞ വര്‍ഷം വിദേശികള്‍ക്കനുവദിച്ച തൊഴില്‍ വിസയില്‍ വന്‍ കുറവ് വന്നതായി റിപ്പോര്‍ട്ട്. കോവിഡ് പ്രതിസന്ധിയും സൗദിവത്കരണവും വിസകള്‍ കുറയാന്‍ കാരണമായി. അനുവദിച്ച പല വിസകളും പ്രയോജനപ്പെടുത്താന്‍ സാധിച്ചില്ലെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
2020ലെ ആദ്യ ഒമ്പത് മാസങ്ങളില്‍ അനുവദിച്ച തൊഴില്‍ വിസകളില്‍ 57.8 ശതമാനത്തിന്റെ കുറവുണ്ടായതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സിന്റേയും മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയത്തിന്റേയും റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കഴിഞ്ഞ വര്‍ഷം ജനുവരി മുതല്‍ സെപ്തംബര്‍ വരെ ഏകദേശം 4,46,000 തൊഴില്‍ വിസകളാണ് അനുവദിച്ചത്. എന്നാല്‍ 2019 ലെ ഇതേ കാലയളവില്‍ 10,57,315 വിസകള്‍ അനുവദിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ആദ്യ പുകുതിയില്‍ തന്നെ തൊഴില്‍ വിസകള്‍ അനുവദിക്കുന്നതില്‍ 32.8 ശതമാനത്തിന്റെ കുറവുണ്ടായി. മാത്രവുമല്ല മൊത്തം വിസയുടെ 59 ശതമാനം വരുന്ന സ്വകാര്യ മേഖലക്ക് അനുവദിക്കുന്ന വിസകളും 21 ശതമാനം കുറഞ്ഞിട്ടുണ്ട്.