സൗദിയില്‍ ജീവനക്കാരുടെ ഇഖാമയും ലെവിയും വര്‍ക്ക് പെര്‍മിറ്റും മൂന്നു മാസത്തേക്ക് മാത്രമായി പുതുക്കാം. ജീവനക്കാരുടെ ലെവി മൂന്ന് മാസത്തേക്ക് വീതം ഗഡുക്കളായി അടക്കാന്‍ അനുവദിക്കും. സ്ഥാപനങ്ങള്‍ക്കാണ് തീരുമാനം ഗുണകരമാവുക. സൗദി മന്ത്രിസഭയാണ് തീരുമാനമെടുത്തത്.
സൗദിയില്‍ ഒരു വര്‍ഷത്തേക്കാണ് ഇഖാമ ഫീസും ലെവിയും അടക്കേണ്ടത്. നിലവില്‍ ഒരു വിദേശി ജീവനക്കാരന്റെ ലെവിയും ഇന്‍ഷൂറന്‍സും അനുബന്ധ ഫീസുകളുമടക്കം പതിനായിരം റിയാലിലേറെ ചിലവ് വരും. നിരവധി വിദേശികളുള്ള സ്ഥാപനങ്ങള്‍ക്ക് ഈയിനത്തില്‍ വന്‍തുക ചിലവ് വരും. ഈ ഭാരം ലഘൂകരിക്കാനെന്ന് ചൂണ്ടിക്കാട്ടിയാണ് പുതിയ രീതി. ഇതു പ്രകാരം ജീവനക്കാരുടെ ലെവി വര്‍ക്ക് പെര്‍മിറ്റ് എന്നിവയുടെ തുക മൂന്നു മാസം വീതം ഗഡുക്കളായി അടക്കാം.
ഇതോടൊപ്പം ജീവനക്കാരെ പിരിച്ചു വിടാന്‍ ആഗ്രഹിക്കുന്ന കമ്പനി കള്‍ക്കും തീരുമാനം ഗുണമായേക്കാം. ഒരു വര്‍ഷത്തേക്ക് ഒന്നിച്ച് ഫീസടക്കുന്നതിന് പകരം മൂന്നോ ആറോ മാസത്തേക്ക് മാത്രമായും കമ്പനികള്‍ക്ക് ഇഖാമ പുതുക്കാനാകും. വീട്ടു ജോലിക്കാരുടെ ഗണത്തില്‍ പെടുന്നവര്‍ക്കും ഹൗസ് ഡ്രൈവര്‍മാര്‍ക്കും തീരുമാനം ബാധകമാകില്ല. സൗദി മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം.