അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക് നീങ്ങാനിരിക്കെ യാത്രക്ക് സജ്ജമായി സൗദി എയര്‍ലൈന്‍സ്. സിവില്‍ ഏവിയേഷന്‍ അതോരിറ്റിയുമായി സഹകരിച്ചാണ് ഇതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്. യാത്രാവിലക്ക് നേരിടുന്ന രാജ്യങ്ങളിലേക്കുള്ള സര്‍വീസ് സംബന്ധിച്ച് ഇതുവരെ തീരുമാനമായിട്ടില്ല. ഇന്ത്യയില്‍ നിന്നുള്ള സര്‍വീസ് സംബന്ധിച്ച് മാര്‍ച്ചിന് മുന്നോടിയായി അനുകൂല തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് എംബസി.
നിലവില്‍ വിവിധ രാജ്യങ്ങളുമായി എയര്‍ ബബ്ള് കരാര്‍ അടിസ്ഥാനത്തിലാണ് സര്‍വീസുകള്‍. കോവിഡ് യാത്രാ നിരോധം നീക്കി സര്‍വീസുകള്‍ സാധാരണ നിലയിലാവുക മാര്‍ച്ച് 31 മുതലാണ്. ഇതിനു മുന്നോടിയായാണ് സൗദി അറേബ്യയുടെ ഔദ്യോഗിക എയര്‍ലൈന്‍സായ സൗദിയ തയ്യാറെടുപ്പ് പൂര്‍ത്തിയാക്കിയത്.
സിവില്‍ ഏവിയേഷന്‍ അതോരിറ്റിയുമായി സഹകരിച്ചും എകോപനം നടത്തിയുമാണ് ഷെഡ്യൂളുകള്‍ വരിക. ഇതിനിടെ, കോവിഡ് കേസുകള്‍ പെരുകിയ ചില രാജ്യങ്ങളിലേക്ക് യാത്രാ നിരോധം തുടരുകയാണ്. ഇത് സംബന്ധിച്ച തീരുമാനം ആരോഗ്യ മന്ത്രാലയവും സിവില്‍ ഏവിയേഷന്‍ അതോരിറ്റിയും പരിശോധിച്ചാണ് തീരുമാനമെടുക്കുക.
യാത്രാ വിലക്ക് പട്ടികയില്‍ ഉള്ള രാജ്യങ്ങളിലേക്ക് മാര്‍ച്ച് 31ന് ശേഷവും വിലക്ക് ഉണ്ടാകുമോ എന്നതും നിര്‍ണായകമാണ്.