ഓണ്‍ലൈന്‍ വഴിയുള്ള കസ്റ്റമര്‍ സര്‍വീസ് ജോലികള്‍ സ്വദേശികള്‍ക്ക് മാത്രമായി നിശ്ചയിച്ച് തൊഴില്‍ മന്ത്രാലയത്തിന്റെ ഉത്തരവ്. ഇത്തരം ജോലികളില്‍ ഇനി വിദേശികളെ നിയമിക്കാന്‍ പാടില്ല. ഫോണ്‍, ഇമെയില്‍, സോഷ്യല്‍ മീഡിയ വഴിയുള്ള സേവനങ്ങളിലെല്ലാം സൗദികള്‍ മാത്രമേ ഇനി പാടുള്ളൂ.
സൗദിയിലെ വിവിധ സ്ഥാപനങ്ങളില്‍ ഓണ്‍ലൈന്‍ വഴി ഉപഭോക്താക്കള്‍ക്ക് സേവനം നല്‍കുന്ന ജോലികളുണ്ട്. ഇതാണ് പൂര്‍ണമായും സൗദികള്‍ക്ക് മാത്രമായി നിശ്ചയിച്ചത്. ഈ പ്രൊഫഷനുകളില്‍ ഇനി വിദേശികളെ അനുവദിക്കില്ല. ഫോണ്‍, ഇമെയില്‍, ചാറ്റ്, സോഷ്യല്‍ മീഡിയ, ഓണ്‍ലൈന്‍ സംഭാഷണങ്ങള്‍, വീഡിയോ കോളിങ് തുടങ്ങി സ്ഥാപനങ്ങളുടെ ഇത്തരം സേവനങ്ങളിലെല്ലാം ഇനി സൗദികളെ മാത്രമേ നിയമിക്കാവൂ.
രാജ്യത്ത് തൊഴിലില്ലായ്മ കുറക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഇത്തരം ജോലികളിലേക്ക് വേണ്ട അടിസ്ഥാന ട്രെയിനിങ് സ്ഥാപനങ്ങള്‍ക്ക് നല്‍കാം. ഉത്തരവ് പ്രാബല്യത്തിലാകുന്ന സാഹചര്യത്തില്‍ സൗദികളെ നിയമിക്കാന്‍ സ്ഥാപനങ്ങള്‍ നിര്‍ബന്ധിതരാകും.