സൗദിയില്‍ കോവിഡ് വ്യാപനം ശക്തമായതോടെ മുന്‍കരുതല്‍ ശക്തമാക്കി. കോവിഡ് പ്രോട്ടോകോള്‍ ലംഘനം കണ്ടെത്തുന്ന സ്ഥാപനങ്ങള്‍ പിഴ ഈടാക്കി അടപ്പിക്കാന്‍ നഗര ഗ്രാമ മന്ത്രാലയം ഉത്തരവിട്ടു. വിട്ടുവീഴ്ച വേണ്ടെന്ന് വാണിജ്യ മന്ത്രിയും പറഞ്ഞു. താമസ സ്ഥലങ്ങളില്‍ കൂടുതല്‍ പേര്‍ കൂടിച്ചേരുന്നതിനും വിലക്കുണ്ട്.
കേസുകള്‍ ഉയരുന്ന സാഹചര്യത്തിലാണ് സൗദിയുടെ തീരുമാനം. ഇതു പ്രകാരം, രാജ്യത്ത് കൊവിഡ് മുന്‍കരുതല്‍ പാലിച്ചില്ലെങ്കില്‍ കടകള്‍ മുന്നറിയിപ്പ് നല്‍കാതെ അടപ്പിക്കും. സ്ഥാപനങ്ങള്‍ക്കകത്ത് പ്രോട്ടോകോള്‍ ലംഘനം വ്യാപകമായി കണ്ടെത്തുന്ന സാഹചര്യത്തിലാണ് തീരുമാനം.
ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, ഷോപ്പിങ് മാളുകള്‍, കടകള്‍ എന്നിവക്കെല്ലാം നിര്‍ദേശം ബാധകമാണ്. ചുരുക്കത്തില്‍ കടയിലേക്ക് ഉപഭോക്താവ് മാസ്‌ക് ധരിക്കാതെ പ്രവേശിച്ചാല്‍ പോലും മിനിമം പതിനായിരം റിയാല്‍ ഈടാക്കി കട അടപ്പിക്കും. കോവിഡ് പ്രോട്ടോകോള്‍ പാലിക്കാത്ത വ്യക്തികള്‍ക്കും പിഴയുണ്ടാകും. നേരത്തെ ഒരു വട്ടം പിഴ ലഭിച്ചവര്‍ക്ക് ഇനിയും പിഴ ലഭിച്ചാല്‍ ഇരട്ടിയാകും തുക അടക്കേണ്ടി വരിക.