സൗദിയില്‍ വിനോദ പരിപാടികള്‍ക്കും പൊതു ചടങ്ങുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തി. റസ്റ്റോറന്റുകളില്‍ ഭക്ഷണം കഴിക്കുന്നതിനും വിലക്കുണ്ട്. കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് നിയന്ത്രണം കടുപ്പിക്കുന്നത്.
കോവിഡ് കേസുകളുടെ എണ്ണം രാജ്യത്തു കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് സെസൗദിയില്‍ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. വിനോദ പരിപാടികള്‍ക്കും കായിക പരിപാടികള്‍ക്കും പൊതു പരിപാടികള്‍ക്കുമെല്ലാം താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തി. വിവാഹ പാര്‍ട്ടികള്‍, കോര്‍പ്പറേറ്റ് മീറ്റിങുകള്‍ തുടങ്ങിയവയ്ക്ക് ഒരു മാസത്തെ വിലക്ക് ഏര്‍പ്പെടുത്തി.
മറ്റു പരിപാടികളില്‍ പരമാവധി 20 ആളുകള്‍ മാത്രമേ പങ്കെടുക്കാന്‍ പാടുള്ളൂ. സിനിമ പ്രദര്‍ശനം, ഹോട്ടലുകളും ഷോപ്പിങ് മാളുകളിലും മറ്റും നടക്കുന്ന വിനോദ പരിപാടികള്‍, കായിക പരിപാടികള്‍, ജിം, ഇന്‍ ഡോര്‍ ഗെയിംസ് തുടങ്ങിയവയ്ക്ക് 10 ദിവസത്തെ വിലക്കാണ് ഉള്ളത്. റസ്റ്റോറന്റുകളിലും കോഫീ ഷോപ്പുകളിലും 10 ദിവസം ഭക്ഷണം കഴിക്കാന്‍ പാടില്ല. എന്നാല്‍ ടേക്ക് എവേ സര്‍വീസ് അനുവദിക്കും. നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങള്‍ അടപ്പിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്കി. കൊവിഡ് സാഹചര്യം വിലയിരുത്തി വിലക്ക് നീട്ടുന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
നിയന്ത്രണം ഇന്ന് രാത്രി 10 മണി മുതല്‍ പ്രാബല്യത്തില്‍ വരും. ഇന്ത്യ ഉള്‍പ്പെടെ 20 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് സൌദിയില്‍ പ്രവേശിക്കുന്നതിന് ഇന്നലെ മുതല്‍ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.