ആഴ്ചയില്‍ രണ്ടു ദിവസം അവധി ; അവധി ദിനം ജോലി ചെയ്യിപ്പിച്ചാല്‍ ഓവര്‍ ടൈം ; സൗദിയില്‍ പുതിയ നിയമം വരുന്നു

ആഴ്ചയില്‍ രണ്ടു ദിവസം അവധി ; അവധി ദിനം ജോലി ചെയ്യിപ്പിച്ചാല്‍ ഓവര്‍ ടൈം ; സൗദിയില്‍ പുതിയ നിയമം വരുന്നു
സൗദിയിലെ ആഴ്ചയില്‍ രണ്ടു ദിവസം അവധി നടപ്പാക്കുന്ന കാര്യത്തില്‍ സ്വകാര്യ മേഖലാ സ്ഥാപനങ്ങള്‍ക്ക് അഭിപ്രായമറിയിക്കാനുള്ള സമയപരിധി അവസാനിച്ചു. എട്ടു മണിക്കൂറില്‍ കൂടുതല്‍ ജോലിയെടുപ്പിക്കുന്നതും അവധി ദിനം ജോലിയെടുപ്പിക്കുന്നതും ഓവര്‍ടൈമായി കണക്കാക്കും. മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ അന്തിമ അംഗീകാരം വരുന്നതോടെ നിയമം പ്രാബല്യത്തിലാകും.

മാര്‍ച്ചില്‍ വരാനിരിക്കുന്ന തൊഴില്‍ നിയമ ഭേദഗതികള്‍ കണക്കാക്കിയാണ് പുതിയ നിയമം സൗദി അറേബ്യ കൊണ്ടു വരുന്നത്. സ്വകാര്യ മേഖലയിലും ആഴ്ചയില്‍ രണ്ടു ദിവസം അവധിയെന്ന നിര്‍ദേശം മന്ത്രാലയം ഉള്‍പ്പെടുത്തിയിരുന്നു. ഇതില്‍ സ്വകാര്യ മേഖലയുടെ അഭിപ്രായം അറിയിക്കാനുള്ള സമയം ഇന്നവസാനിച്ചു. നിലവില്‍ ആഴ്ചയില്‍ 48 മണിക്കൂറാണ് തൊഴിലെടുക്കേണ്ട സമയം. ഇത് നാല്‍പത് മണിക്കൂറായും കുറക്കാന്‍ നീക്കമുണ്ട്. ഉത്തരവ് പ്രാബല്യത്തിലായാല്‍ ഈ സമയത്തിനപ്പുറം ചെയ്യുന്ന ജോലിക്ക് അധിക ശമ്പളം നല്‍കേണ്ടി വരും. റമളാനില്‍ 36 മണിക്കൂറെന്നത് 30 മണിക്കൂറായും കുറയും.

അന്തിമ അംഗീകാരമായാല്‍ സ്വകാര്യ മേഖലയില്‍ 70 ലക്ഷത്തോളം വരുന്ന വിദേശ തൊഴിലാളികള്‍ക്കും ഇതിന്റെ ആനുകൂല്യം നല്‍കേണ്ടി വരും. ചുരുക്കത്തില്‍ അഞ്ച് ദിവസമായി ജോലി സമയം മാറും. ആറാം ദിവസം ജോലി ചെയ്യിപ്പിച്ചാല്‍ അത് ഓവര്‍ടൈം ഗണത്തിലാണ് പെടുക.

Other News in this category



4malayalees Recommends