ഭര്‍ത്താവിന്റെ മൃതദേഹം 100 ദിവസമായി സൗദിയില്‍ ; നാട്ടിലെത്തിയ്ക്കാന്‍ സഹായം തേടി യുവതി ഹൈക്കോടതിയില്‍
സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ മരിച്ച ഭര്‍ത്താവിന്റെ മൃതദേഹം നാട്ടിലെത്തിയ്ക്കാന്‍ കോടതിയുടെ സഹായം തേടി യുവതി. നിസാമാബാദ് സ്വദേശി വൊന്ധാരി ലക്ഷ്മിയാണ് ഹൈക്കോടതിയെ സമീപിച്ചത്. കഴിഞ്ഞ വര്‍ഷം നവംബര്‍ ഒന്നിനാണ് ഇവരുടെ ഭര്‍ത്താവ് നാസ റെഡ്ഡി സൗദിയില്‍ വാഹനാപകടത്തില്‍ മരിച്ചത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ അപ്പോള്‍ മുതല്‍ തന്നെ ആരംഭിച്ചിരുന്നുവെങ്കിലും ഫലം കണ്ടില്ല. ഇതിനെ തുടര്‍ന്നാണ് കുടുംബം കോടതിയെ സമീപിച്ചത്.
കഴിഞ്ഞ നൂറ് ദിവസത്തോളമായി നാസറെഡ്ഡിയുടെ മൃതദേഹം സൗദിയിലാണ്. നാട്ടിലെത്തിക്കാനുള്ള നടപടി ക്രമങ്ങള്‍ വേഗത്തിലാക്കണമെന്ന അഭ്യര്‍ഥനയുമായാണ് ലക്ഷ്മി കോടതിയിലെത്തിയത്. പ്രവാസി മിത്ര ലേബര്‍ യൂണിയന്റെ സഹായത്തോടെയാണ് പരാതി സമര്‍പ്പിച്ചത്. നാസ റെഡ്ഡിയുടെ മരണ വിവരം അറിഞ്ഞ് നാലാം ദിവസം തന്നെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ക്കായി കുടുംബം, വിദേശകാര്യ മന്ത്രാലയം, റിയാദിലെ ഇന്ത്യന്‍ എംബസി, തെലങ്കാന സര്‍ക്കാരിന്റെ എന്‍ആര്‍ഐ സെല്‍ എന്നിവിടങ്ങളില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. ഇതിന് പുറമെ കേന്ദ്രസംസ്ഥാന സര്‍ക്കാരുകളിലെ മന്ത്രിമാരടക്കം പലരെയും സമീപിച്ചു. എന്നാല്‍ അനുകൂല ഫലം ലഭിക്കാത്തതിനെ തുടര്‍ന്നാണ് കോടതിയിലെത്തിയത്.
' മൃതദേഹം നാട്ടില്‍ അയക്കുന്നതുമായി ബന്ധപ്പെട്ട് ജോലി ചെയ്തിരുന്ന കമ്പനിയില്‍ നിന്നോ അധികൃതരില്‍ നിന്നോ ഇതുവരെ പ്രതികരണം ഒന്നു ലഭിച്ചിട്ടില്ല. മൃതദേഹം വരുന്നതും കാത്ത് ഞങ്ങളിവിടെ കടുത്ത മാനസിക സംഘര്‍ഷത്തിലാണ് ' – നാസ റെഡ്ഡിയുടെ അമ്മ സത്യമ്മ മാധ്യമങ്ങളോട് പറയുന്നു.