കോവിഡ് നിയമ ലംഘനം രൂക്ഷം; പരിശോധന ശക്തമാക്കി സൗദി ആഭ്യന്തര മന്ത്രാലയം
കോവിഡ് നിയമ ലംഘനങ്ങള്‍ തടയുന്നതിന് പരിശോധന ശക്തമാക്കി സൗദി ആഭ്യന്തര മന്ത്രാലയം. നിയമ ലംഘകര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് നടപടി സ്വീകരിച്ചതായും മന്ത്രാലയം വ്യക്തമാക്കി.
കഴിഞ്ഞ ഒരാഴ്ചക്കിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ ആയിരകണക്കിന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും പിഴ ചുമത്തിയതായും മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു.
ഏറ്റവും കൂടുതല്‍ നിയമ ലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് തലസ്ഥാന നഗരമായ റിയാദിലാണ്. 9915 കേസുകള്‍. മക്കയില്‍ 7222ഉം കിഴക്കന്‍ പ്രവിശ്യയില്‍ 4112ഉം കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. വ്യക്തികള്‍ക്ക് പുറമേ സ്ഥാപനങ്ങളാണ് നിയമങ്ങള്‍ ലംഘിക്കുന്നതെങ്കില്‍ സ്ഥാപനം അടപ്പിക്കുന്നതുള്‍പ്പെടെയുള്ള നടപടികളും സ്വീകരിച്ചു വരുന്നുണ്ട്.
രാജ്യത്ത് കോവിഡ് കേസുകള്‍ വീണ്ടും ഉയര്‍ന്നതോടെ കടുത്ത ജാഗ്രതയിലാണ് ആരോഗ്യ സുരക്ഷാ വിഭാഗങ്ങള്‍.