കോവിഡ് കേസുകള്‍ ഉയരുന്നു ; റമദാനില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കി സൗദി
സൗദിയില്‍ കോവിഡ് കേസുകള്‍ വര്‍ധിച്ചതോടെ റമദാനില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കി. ഉംറ തീര്‍ഥാടനത്തിനും ഹറമുകള്‍ സന്ദര്‍ശിക്കുന്നതിനും കോവിഡ് വാക്‌സിന്‍ നിര്‍ബന്ധമെന്ന് ഇരുഹറം കാര്യാലയം അറിയിച്ചു. റമദാനില്‍ രാജ്യത്തെ പള്ളികളില്‍ പ്രത്യേക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് ഇസ്!ലാമികകാര്യ മന്ത്രാലയവും അറിയിച്ചു.
റമദാനില്‍ രോഗ വ്യാപനം വര്‍ധിക്കാനിടയുള്ളതിനാല്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുകയാണ് അധികൃതര്‍. വിശുദ്ധ റമദാനില്‍ മക്കയിലെ ഹറം പള്ളിയില്‍ നമസ്‌കരിക്കുന്നതിനും, ഉംറ ചെയ്യുന്നതിനും കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് മാത്രമേ അനുമതി നല്‍കൂ. മദീനയിലെ മസ്ജിദു നബവി സന്ദര്‍ശിക്കുന്നതിനും വാക്‌സിന്‍ നിര്‍ബന്ധമാക്കി.
വാക്‌സിന്റെ ആദ്യ ഡോസ് മാത്രം സ്വീകരിച്ച് 14 ദിവസം പൂര്‍ത്തിയാക്കിയവര്‍ക്കും അനുമതിപത്രം ലഭിക്കും. കൂടാതെ ആറ് മാസത്തിനിടെ കോവിഡ് ബാധിച്ച് സുഖം പ്രാപിച്ചവര്‍ക്ക് വാക്‌സിനെടുക്കാതെ തന്നെ ഹറമുകളില്‍ പ്രവേശിക്കുന്നതിനും കര്‍മ്മങ്ങള്‍ ചെയ്യുന്നതിനും അനുവാദമുണ്ട്. ഇഅ്തമര്‍നാ ആപ്പ് വഴി അനുമതി പത്രം നേടിയവര്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ.