മദീന മുനവറയിലേക്കുള്ള വഴികളില്‍ നിന്നും 'മുസ്‌ലിങ്ങള്‍ക്ക് മാത്രം പ്രവേശനം' എന്ന ബോര്‍ഡ് നീക്കം ചെയ്ത് സൗദി അറേബ്യ

മദീന മുനവറയിലേക്കുള്ള വഴികളില്‍ നിന്നും 'മുസ്‌ലിങ്ങള്‍ക്ക് മാത്രം പ്രവേശനം' എന്ന ബോര്‍ഡ് നീക്കം ചെയ്ത് സൗദി അറേബ്യ
മുസ്‌ലിം സമൂഹത്തിന്റെ രണ്ടാമത്തെ പ്രധാന തീര്‍ത്ഥാടന കേന്ദ്രമായ മദീന മുനവറയിലേക്കുള്ള വഴികളില്‍ നിന്നും 'മുസ്‌ലിങ്ങള്‍ക്ക് മാത്രം പ്രവേശനം' എന്ന ബോര്‍ഡ് നീക്കം ചെയ്ത് സൗദി അറേബ്യ. മദീനയിലേക്കുള്ള വഴികളിലേക്ക് ഇത്രയും നാളും മുസ്‌ലിങ്ങള്‍ക്ക് മാത്രമാണ് പ്രവേശനം ഉണ്ടായിരുന്നത്. ഇപ്പോള്‍ ഹൈവേകളിലെ സൂചനാ ബോര്‍ഡില്‍ നിന്നും മുസ്‌ലിങ്ങള്‍ക്ക് മാത്രം പ്രവേശനം എന്ന നിര്‍ദേശം നീക്കം ചെയ്തിരിക്കുകയാണ്.

നേരത്തെ മദീനയിലേക്കുള്ള ഹൈവേ ബോര്‍ഡുകളിലെല്ലാം മുസ്‌ലിങ്ങള്‍ക്ക് മാത്രം പ്രവേശനം എന്നെഴുതിയിരുന്നു. എന്നാല്‍ ഇപ്പോള്‍ വിശുദ്ധ സ്ഥലത്തേക്ക് മാത്രമേ ഈ നിയന്ത്രണമുള്ളൂവെന്നാണ് ബോര്‍ഡുകളില്‍ നിന്നും മനസ്സിലാകുന്നത്. പ്രവാചകന്റെ പള്ളി സ്ഥിതി ചെയ്യുന്ന നബവി സ്‌ക്വയറിലേക്ക് മാത്രമായാണ് നിയന്ത്രണങ്ങള്‍ ചുരുക്കിയിരിക്കുന്നത്.

സൗദിയുടെ പുതിയ നടപടിയ്ക്ക് വലിയ അഭിനന്ദനമാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്. യാഥാസ്ഥിതിക സ്വഭാവം പുലര്‍ത്തുന്ന സൗദി രാജകുടുംബം അമുസ്‌ലിങ്ങളോട് കൂടുതല്‍ സൗഹാര്‍ദപരമായ നിലപാട് സ്വീകരിക്കുന്നത് സ്വാഗതാര്‍ഹമാണെന്നാണ് പ്രധാനമായും ഉയരുന്ന അഭിപ്രായങ്ങള്‍. ഇതുവരെയും വിഷയത്തില്‍ സൗദിയുടെ ഔദ്യോഗിക പ്രസ്താവന പുറത്തുവന്നിട്ടില്ല.

Other News in this category



4malayalees Recommends