സൗദി അറേബ്യ യാത്രാവിലക്ക് പിന്‍വലിച്ചു; ഇന്ത്യ ഉള്‍പ്പെടെ 13 രാജ്യങ്ങളിലേക്ക് സ്വദേശികള്‍ക്ക് പുതുതായി യാത്രാനിരോധനം

സൗദി അറേബ്യ യാത്രാവിലക്ക് പിന്‍വലിച്ചു; ഇന്ത്യ ഉള്‍പ്പെടെ 13 രാജ്യങ്ങളിലേക്ക് സ്വദേശികള്‍ക്ക് പുതുതായി യാത്രാനിരോധനം
കോവിഡ് വ്യാപനത്തിന് ശേഷം ഒരു വര്‍ഷത്തിലേറെ നീണ്ട നിയന്ത്രണങ്ങള്‍ക്ക് ശേഷം സൗദി അറേബ്യയുടെ കര, വായു, കടല്‍ അതിര്‍ത്തികള്‍ ഇന്ന് തുറക്കും. ഇതോടെ യുഎഇ, കുവൈറ്റ്, ഒമാന്‍ തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് സൗദിയിലേക്ക് വിമാന സര്‍വീസുണ്ടാകും. മലയാളികളടക്കം ഒട്ടേറെ ഇന്ത്യക്കാരാണ് യാത്രാ വിലക്കേര്‍പ്പെടുത്തിയതോടെ നാട്ടില്‍ കുടങ്ങിയത്.

കോവിഡ് വാക്‌സിന്റെ രണ്ടു ഡോസും എടുത്തവര്‍ക്കും യാത്രയ്ക്ക് രണ്ടാഴ്ച മുന്‍പെങ്കിലും ഒരു ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്കും ആറുമാസത്തിനുള്ളില്‍ കോവിഡ് മുക്തരായവര്‍ക്കും രാജ്യത്തേക്ക് പ്രവേശിക്കാം. ആരോഗ്യ ഇന്‍ഷുറന്‍സുള്ള 18 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കും യാത്ര ചെയ്യാം.

ഫൈസര്‍/ബയോടെക്, അസ്ട്രസെനക, മോഡേണ, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ എന്നിവയാണ് അംഗീകരിച്ചിരുന്ന വാക്‌സിനുകള്‍. ടൂറിസ്റ്റ് വീസയുള്ള സൗദി ഇതര പൗരന്മാര്‍ക്ക് യാത്രയ്ക്ക് അനുവാദമില്ല. യാത്രയ്ക്ക് 72 മണിക്കൂറിനുള്ളില്‍ നടത്തിയ കോവിഡ് നെഗറ്റീവ് പിസിആര്‍ പരിശോധന നിര്‍ബന്ധമാണ്. എട്ട് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് പിസിആര്‍ പരിശോധന നടത്തേണ്ടതില്ല. 2020 മാര്‍ച്ചില്‍ കോവിഡ് മഹാമാരി ആരംഭിച്ചതു മുതല്‍ രാജ്യത്തിലേക്കും പുറത്തേക്കുമുള്ള യാത്ര നിയന്ത്രിച്ചിരുന്നു. നയതന്ത്രജ്ഞര്‍ ഉള്‍പ്പെടെ ചില വിഭാഗക്കാരെ നിരോധനത്തില്‍ നിന്ന് ഒഴിവാക്കിയിരുന്നു.

അതേസമയം, ഇന്ത്യ ഉള്‍പ്പെടെ കോവിഡ് വ്യാപിച്ച 13 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന് സൗദി അറേബ്യ തങ്ങളുടെ പൗരന്മാര്‍ക്ക് നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു. രാജ്യത്ത് നിലനില്‍ക്കുന്ന അന്താരാഷ്ട യാത്രക്കുള്ള താല്‍ക്കാലിക വിലക്ക് തിങ്കളാഴ്ച പുലര്‍ച്ചെ ഒരു മണിക്ക് എടുത്തുകളയുന്ന അവസരത്തിലാണ് സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ പ്രഖ്യാപനം.

ഇന്ത്യ, തുര്‍ക്കി, ലിബിയ, സിറിയ, യമന്‍, ലബനാന്‍, ഇറാന്‍, അഫ്ഗാനിസ്ഥാന്‍, അര്‍മേനിയ, സോമാലിയ, വെനസ്വല, കോംഗോ റിപ്പബ്ലിക്, ബെലാറസ് എന്നീ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനാണ് നിയന്ത്രണം. പുതിയ വകഭേദം വന്ന കോവിഡ് ഈ രാജ്യങ്ങളില്‍ പടര്‍ന്നുപിടിച്ചത് കണക്കിലെടുത്താണ് നിര്‍ദേശം. പൗരന്മാരുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് പുതിയ തീരുമാനം എന്നാണ് ആഭ്യന്തര മന്ത്രാലയം അറിയിച്ചത്.

Other News in this category



4malayalees Recommends