ഇന്ത്യയ്ക്ക് പുതിയ വെല്ലുവിളിയുമായി ചൈന ; കിഴക്കന്‍ ലഡാക്കില്‍ പാലം നിര്‍മ്മാണം നടത്തുന്ന സാറ്റലൈറ്റ് ദൃശ്യങ്ങള്‍ പുറത്ത് ; അതിര്‍ത്തി കടന്നുള്ള ചൈനയുടെ പ്രകോപനം തുടരുന്നു

ഇന്ത്യയ്ക്ക് പുതിയ വെല്ലുവിളിയുമായി ചൈന ; കിഴക്കന്‍ ലഡാക്കില്‍ പാലം നിര്‍മ്മാണം നടത്തുന്ന സാറ്റലൈറ്റ് ദൃശ്യങ്ങള്‍ പുറത്ത് ; അതിര്‍ത്തി കടന്നുള്ള ചൈനയുടെ പ്രകോപനം തുടരുന്നു
ഇന്ത്യക്ക് ഭീഷണിയുയര്‍ത്തി കിഴക്കന്‍ ലഡാക്കില്‍ പാലം നിര്‍മ്മിച്ച് ചൈന. കിഴക്കന്‍ ലഡാക്കിലെ പാങ്കോങ് സോ നദിക്ക് കുറുകെയാണ് ചൈന പാലം നിര്‍മ്മിക്കുന്നത്. പാലം നിര്‍മ്മിക്കുന്നതിന്റെ സാറ്റലൈറ്റ് ദൃശ്യങ്ങള്‍ ജിയോ ഇന്റലിജന്‍സ് വിദഗ്ധനായ ഡാമിയന്‍ സിമണാണ് പുറത്തുവിട്ടത്. പാങ്കോങ് നദിയില്‍ ചൈനയുടെ അധീനതയിലുളള ഭാഗത്താണ് ഇരുകരകളേയും ബന്ധിപ്പിച്ചുകൊണ്ടുളള പാലം നിര്‍മ്മാണം പുരോഗമിക്കുന്നതെന്നാണ് വിവരം. മേഖലയില്‍ തര്‍ക്കങ്ങളുണ്ടായാല്‍ ഇന്ത്യക്കെതിരായി അതിവേഗ സൈനിക നീക്കത്തിന് ഈ പാലം ചൈനയെ സഹായിക്കും.

പാങ്കോങ് സോ നദിയുടെ വടക്ക്,പടിഞ്ഞാറന്‍ കരകളെ ബന്ധിപ്പിച്ചാണ് പാലം നിര്‍മ്മാണം നടക്കുന്നതെന്ന് ഡാമിയന്‍ സിമണ്‍ തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ വ്യക്തമാക്കി. കിഴക്കന്‍ ലഡാക്കിലെ സൈനിക വിന്യാസം എളുപ്പമാക്കാനായി ഗതാഗതമാര്‍ഗം ശക്തിപ്പെടുത്തുകയാണ് ചൈന ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറയുന്നു.

ഇതിനിടെ പുതുവര്‍ഷദിനത്തില്‍ ഗാല്‍വന്‍ താഴ്‌വരയില്‍ ചൈന ഒരു ഭാഗത്തായി പതാക ഉയര്‍ത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ചൈനീസ് മാധ്യമങ്ങളാണ് പുതിയ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. എന്നാല്‍ ഈ വിഷയം പ്രകോപനപരമല്ലെന്നും ചൈന നിയമം ലംഘിച്ചിട്ടില്ലെന്നും ഇന്ത്യയും വ്യക്തമാക്കി.

Other News in this category



4malayalees Recommends